ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയ തടവുകാരന് കിട്ടിയത് എട്ടിന്റെ പണി. പരിശോധനാസംഘത്തെ കബളിപ്പിക്കാനായെങ്കിലും സഹിക്കാനാവാത്ത വയറുവേദന തുടങ്ങിയതോടെ തടവുപുള്ളി വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ തടവുപുള്ളിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. കര്‍ണാടകയിലെ ഷിവമോഗ ജില്ലാ ജയിലിലാണ് സംഭവം.(prisoner swallows mobile phone during raid in jail)
|
കൊലക്കേസ് പ്രതിയായ പരശുറാം(38)ആണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങി സ്വയം പണിമേടിച്ചത്. ഏപ്രില്‍ ആദ്യ വാരത്തിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്കു ശേഷം പരശുറാമിന് കടുത്ത വയറുവേദന ഉണ്ടാവുകയും ഇയാള്‍ ഉദ്യോഗസ്ഥരോടു പരാതിപ്പെടുകയും ചെയ്തു.
എന്നാല്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയ വിവരം ഇയാള്‍ മറച്ചുവച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ തടവുപുള്ളിയെ ആദ്യ ഷിവമോഗ ജില്ലാ ആശുപത്രിയിലുംഇവിടെ നിന്ന് ബംഗളുരുവിലെ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നടത്തിയ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലാണ് വയറ്റില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഏപ്രില്‍ 25ന് ശസ്ത്രക്രിയ നടത്തി മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുകയും ചെയ്തു. വന്‍കുടലില്‍ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന ഭാഗത്തായിരുന്നു കീപാഡ് മൊബൈല്‍ ഫോണ്‍ കുടുങ്ങികിടന്നിരുന്നത്. 20 ദിവസമാണ് ഇയാളുടെ വയറ്റില്‍ ഫോണ്‍ കുടുങ്ങിക്കിടന്നത്.
ചെറിയ ഫോണായതിനാല്‍ മലവിസര്‍ജനം നടത്തുമ്പോള്‍ പുറത്തുപോവുമെന്നായിരുന്നു പരശുറാമിന്റെ പ്രതീക്ഷ. എന്നാല്‍ ഫോണ്‍ വയറ്റില്‍ കുടുങ്ങിയതാണ് വിനയായത്. ഡോക്ടര്‍മാരും ശസ്ത്രക്രിയയില്ലാതെ ഫോണ്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് സര്‍ജറി നടത്തിയത്.
75 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോണ്‍ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ഏതാനും ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കിടത്തിയ പരശുറാമിനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





