സിപിഐഎമ്മിലെ പ്രമുഖന്‍ നാളെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അവകാശപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ. തൃണമൂല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നാളെ കോട്ടയത്തു നടക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് പി വി അന്‍വറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് അംഗമായ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
|
അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നില്‍ക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി വി അന്‍വറിന്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണുള്ളത്. അതിനാല്‍ തന്നെ നുസൈബയുടെ നിലപാടാണ് യുഡിഎഫിന്റെ അവിശ്വാസം പാസാകുന്നതില്‍ നിര്‍ണായകമായത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനിടെ പി വി അന്‍വര്‍ എംഎല്‍എയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുളളവര്‍ എത്തിയാണ് പി വി അന്‍വറിനെ മോചിപ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





