കാസര്‍കോട്: കാസര്‍കോട് മടിക്കൈ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്രുരമായ റാഗിങ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കി. ബല്ലാ കടപ്പുറം സ്വദേശി ഷാനിദിന് ആക്രമണത്തില്‍ സാരമായി പരുക്കേറ്റു.
|
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥികളും ഷാനിദും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്.
കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഷാനിദ്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.
സ്‌കൂളിന്റെ ഭാഗത്ത് നിന്നുള്ള പരാതി ഇന്നു രാവിലെ പൊലീസിന് കൈമാറുമെന്നാണ് അധ്യാപകര്‍ അറിയിച്ചിരിക്കുന്നത്.


