കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് ശേഷം ആദ്യമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെത്തും. രണ്ടാം തവണയും വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കാണാനും നന്ദി അറിയിക്കാനുമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്. സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം എത്തും.
|
മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി. തുടർന്ന് റോഡ് മാർഗം നന്ദി അറിയിച്ച് പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ഉച്ചക്ക് രണ്ടരയോടെ കൽപ്പറ്റയിലെത്തും. ഇവിടെ രാഹുൽ ഗാന്ധി ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും.
AICC ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സാദിഖ് അലി ശിഹാബ് തങ്ങൾ, കുഞ്ഞാലികുട്ടി അടക്കമുള്ള മുസ്‍ലിം ലീഗ് നേതാക്കളും സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.
റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഒരു മണ്ഡലം മാത്രമേ നിലനിർത്താൻ സാധിക്കൂ എന്നതിനാൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കും. വോട്ടർമാർക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തിൽ നിന്നും രാജി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. അതേസമയം, വായനാട്ടിലേക്ക് രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധി എത്തുമോ എന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകരും, വായനാട്ടുകാരും.
റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല.
വയാട്ടിൽ നിന്നുള്ള യുഡിഎഫ് സംഘം രാഹുലിനെ കണ്ട് മണ്ഡലം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഒഴിഞ്ഞാൽ പകരം പ്രിയങ്ക വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏത് മണ്ഡലം നിലനിർത്തണം എന്ന് ഉടൻ തീരുമാനം എടുക്കേണ്ടതുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





