08
Oct 2023
Sun
08 Oct 2023 Sun

രാജസ്ഥാനിലും ജാതി സെന്‍സസ്; ഉത്തരവിറക്കി ഗെലോട്ട് സര്‍ക്കാര്‍; നീക്കം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍: ബിഹാറിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെന്‍സസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഗെഹ്ലോട്ട് സര്‍ക്കാരിന് സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. വരുന്ന സര്‍ക്കാരിനായിരിക്കും ജാതി സെന്‍സസ് പൂര്‍ത്തിയാക്കാനും വിവരങ്ങള്‍ പുറത്തുവിടാനും കഴിയുക.

ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.

രാജസ്ഥാന്‍ അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ്, വനിത സംവരണത്തിലെ ഒബിസി ഉപസംവരണം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം. ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡില്‍ പ്രിയങ്ക ഗാന്ധിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ജാതി സെന്‍സസ് സംബന്ധിച്ച പ്രഖ്യാപനം കോണ്‍ഗ്രസ് ഉടന്‍ നടത്തിയേക്കും. ഒ.ബി.സി രാഷ്ട്രീയമുയര്‍ത്തി ബി.ജെ.പിയെ നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. എന്നാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന പ്രഖ്യാപനങ്ങള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ്. ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ ആദ്യം മുന്നോട്ടു വെച്ച പ്രഖ്യാപനം മുന്നണി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തും എന്നായിരുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക