ഷാർജ: വായനക്കാർ മാത്രമല്ല, സ്വന്തം ആശയങ്ങളും ചിന്തകളും എഴുത്തിലൂടെ അവതരിപ്പിക്കുന്നവരാകാനും യുവാക്കളെ പ്രോത്സാഹിപ്പിച്ച് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ‘ദി റൈറ്റർ ആൻഡ് ദി പെൻ’ സംവാദം. എഴുത്തുകാരനും കൺസൾട്ടന്റുമായ ഡോ. റാഷിദ് അൽ അലി, അറബ് റീഡിങ് ചലഞ്ചിൽ 2025ലെ യുഎഇ ചാമ്പ്യൻ റീം ആദിൽ അൽ സറൂനി, 2026ലെ ചാമ്പ്യൻ ഡാന ആദിൽ അൽ സറൂനി എന്നിവർ പങ്കെടുത്തു. എഴുത്തിന്റെ തുടക്കം, ആശയങ്ങളുടെ ഉറവിടം, വായനയിലൂടെ ഭാഷയും സർഗാത്മകതയും മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.
|
ആദ്യ പുസ്തകം എഴുതുന്നതല്ല, തുടർന്നുള്ള എഴുത്തുയാത്ര നിലനിർത്തുന്നതാണ് യഥാർഥ വെല്ലുവിളിയെന്ന് ഡോ. റാഷിദ് അൽ അലി പറഞ്ഞു. 2016ൽ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ ഉദ്ധരണികളും ചിന്തകളും പങ്കുവെച്ചാണ് തന്റെ എഴുത്തുജീവിതം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പുതിയ പുസ്തകത്തിലും വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കുകയും എഴുത്തുകാരനെന്ന നിലയിൽ സ്വയം വളരുകയും വേണം. വായനയെയും എഴുത്തിനെയും ശ്വസനത്തോട് ഉപമിച്ച അദ്ദേഹം, വായന ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതും എഴുത്ത് പുറത്തുവിടുന്നതുമാണെന്ന് അഭിപ്രായപ്പെട്ടു.
എഴുത്ത് ചില പ്രത്യേക ആളുകൾക്ക് മാത്രം കഴിയുന്ന കാര്യമല്ലെന്നും ഓരോരുത്തരുടെയും അനുഭവങ്ങളും സ്വപ്നങ്ങളും ആശയങ്ങളും എഴുത്തിന് തുടക്കമാകുമെന്നും റീം അൽ സറൂനി പറഞ്ഞു. വായനയും സഹോദരിയുടെ എഴുത്തും തന്റെ സാഹിത്യയാത്രയ്ക്ക് പ്രചോദനമായെന്ന് ഡാന അൽ സറൂനിയും പങ്കുവെച്ചു. ഒരു വാക്കിന് പോലും തീ അണയ്ക്കാനുള്ള ശക്തിയുണ്ടെന്ന ആശയത്തിൽനിന്നാണ് തന്റെ നോവലിന്റെ പ്രമേയം രൂപപ്പെട്ടതെന്നും കഥാപാത്രങ്ങൾ പിന്നീട് വികസിച്ചുവന്നതെന്നും അവർ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





