21
May 2023
Wed
21 May 2023 Wed

പാരീസ്: റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമ ക്ലബ്ബ് വിട്ട് മുൻ സഹതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പാത പിന്തുടർന്ന് സൗദിയിലേക്ക് മാറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതിന് സമാനമായ വേതനം നൽകി സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ബെൻസെമയെ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം 214 മില്യൺ യൂറോക്ക് രണ്ടുവർഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റയൽ മാഡ്രിഡിൽ ബെൻസെമയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും അടുത്ത സീസണിലേക്കുള്ള ക്ലബ്ബിന്റെ സ്റ്റാറ്റസ് സംബന്ധ വിവരങ്ങൾ ബെൻസമയെ അറിയിച്ചിട്ടില്ലെന്നും തുടർന്ന് താരം റയൽ വിടാൻ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

അൽ ഇത്തിഹാദിന്റെ ഓഫർ ആദ്യം നിരസിച്ച ബെൻസെമ പിന്നീട് ക്ലബ്ബ് മോഹവില വാഗ്ദാനം ചെയ്തപ്പോൾ സൈനിങ് നടത്താൻ നിർബന്ധിതനാവുകയായിരുന്നു. ബെൻസെമ റയലിന്റെ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോക്ക് ശേഷം ഉയർന്ന വേതനത്തിൽ മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുന്ന ലോകത്തെ രണ്ടാമത്തെ താരമായി ബെൻസെമ മാറും. ക്രിസ്റ്റ്യാനോയുടെ അൽ നസറിന്റെ ചിര വൈരികളായ അൽ ഇത്തിഹാദ് ആണ് സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്ത്.

കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിവരുന്ന ബെൻസേമ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകും. സൂപ്പർ താരത്തെ സ്വന്തമാക്കാൻ വേണ്ടി യൂറോപ്പിലെ നിരവധി ക്ലബ്ബുകൾ ഒരുക്കവുമാണ്. ബെൻസെമയെ നിലനിർത്താൻ പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറാണെങ്കിലും സാന്റിയാഗോ ബെർണബുവിൽ തുടരാൻ ഫ്രഞ്ച് താരം നിലവിൽ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

2009ൽ റയൽ മാഡ്രിഡിലെത്തിയ ബെൻസെമ 647 മത്സരങ്ങളിൽ നിന്ന് 353 ഗോളും 165 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 35 കാരനായ ബെൻസേമ കഴിഞ്ഞ സീസണിൽ മാത്രം 42 മത്സരങ്ങളിൽ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കി. അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ മുത്തമിട്ട അദ്ദേഹം നിലവിലെ ബാലൻ ഡ്യോർ ജേതാവും ആണ്.