പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും റജിനഗറിലും വിജയിച്ച് ബിജെപി. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി ഹസി റാണി റാത്ത് 1.22 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1967ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിജയഭൂരിപക്ഷമാണിതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
|
മെയ് ആറിന് വെടിയേറ്റ് കൊല്ലപ്പെട്ട സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് റാത്തിന്റെ അമ്മയാണ് ഹസി റാണി റാത്ത്. നന്ദിഗ്രാം സീറ്റിൽനിന്ന് വിജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപുർ മണ്ഡലത്തിലും വിജയിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഹസി റാണി റാത്തിന് 1,64,227 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് 41,674 വോട്ടുകളാണ് നേടാനായത്. 2016ൽ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നേടിയ 81,230 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇതോടെ മറികടന്നത്.
റജിനഗറിലും ബിജെപി സ്ഥാനാർഥി ശങ്കർഭ് സർക്കാർ 75,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടർമാരിൽനിന്ന് ബിജെപിക്ക് പിന്തുണ ലഭിച്ചതായും സുവേന്ദു അധികാരി അവകാശപ്പെട്ടു. റജിനഗറിൽ ഏകദേശം 70 ശതമാനം വോട്ടർമാരും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.
ബംഗാളിൽ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയമായി നിർണായകമായിരുന്നു. പ്രതിപക്ഷത്തുണ്ടായ ഭിന്നതകൾക്കിടയിൽ തൃണമൂൽ കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങൾ മത്സരരംഗത്തുണ്ടായിരുന്നതും തിരഞ്ഞെടുപ്പിന്റെ ശ്രദ്ധേയമായ ഘടകമായി.
ALSO READ:നവദമ്പതികളുടെ മൃതദേഹങ്ങൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ നദിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





