പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ ആണ് സംഭവം. ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജർ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പ് നടത്തിപ്പുകാരന്റെ മകൻ കത്തി ഉപയോഗിച്ച് ഏഴ് തവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്.
|
ചൊവ്വാഴ്ച വൈകുന്നേരമാണ് ചോണ്ടിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഉദ്യോഗസ്ഥരും സംഘവും എത്തിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസമായി പമ്പ് അടഞ്ഞുകിടക്കുകയായിരുന്നു. പമ്പ് സീൽ ചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.
പമ്പ് ഉടമ സഹേബ്‌റാവു പാണ്ഡവവീറിന്റെ കുടുംബം പ്രവർത്തനം പുനരാരംഭിക്കാൻ ഒരു മാസം സമയം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് അംഗീകരിച്ചില്ല. തുടർന്ന് വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ഉടമയുടെ മകൻ ഉമേഷ് പാണ്ഡവവീർ മഹേഷ് ഷെൽക്കെയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.
വയറിലും പുറത്തും മുഖത്തും ഉൾപ്പെടെ ഏഴ് തവണ കുത്തേറ്റ ഷെൽക്കെ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയും സംഘവും രണ്ട് കാറുകളിലായി രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ കുറുന്ദ പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു.
ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെയാണ് മഹേഷ് ഷെൽക്കെ ആക്രമിക്കപ്പെട്ടതെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ അരവിന്ദർ സിങ് സഹ്നി പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം പ്രതികൾക്കെതിരെ വേഗത്തിലും കർശനമായും നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്രയിലെ ഉന്നത അധികൃതരോട് ആവശ്യപ്പെട്ടതായി അറിയിച്ചു.
സംഭവത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ ഓയിലിന്റെ ഹിംഗോളി ജില്ലയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഷെൽക്കെ സ്ഥലത്തെത്തിയതെന്നും അപ്പോഴാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ഊർജമേഖലയിൽ രാജ്യത്തിനായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കപ്പെടേണ്ടത് പരമപ്രധാനമാണെന്നും പ്രതികൾക്കെതിരെ നിയമാനുസൃതമായി വേഗത്തിലുള്ളതും കർശനവുമായ നടപടി ഉറപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി.
ALSO READ:അഞ്ചുനില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിയതായി സംശയം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



