17
Jul 2023
Thu
17 Jul 2023 Thu

മലപ്പുറം: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സിനിടെ റിട്ട. അധ്യാപകനായ പ്രഭാഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63) ആണ് മരിച്ചത്. വീടിനു സമീപത്തുള്ള കാളികാവ് ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മക്കുരുവിയുടെ കഥയാണ് കുട്ടികളുമായി പങ്കുവെച്ചത്. മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവവും സഹായിക്കുമെന്ന ഗുണപാഠത്തോടെയാണ് ഫസലുദ്ദീന്‍ കഥ അവസാനിപ്പിച്ചത്. ശേഷം കുട്ടികള്‍ക്കായി ഒരു പാട്ടുകൂടി പാടിത്തരാമെന്നു പറഞ്ഞ് കസേരയിലേക്കിരുന്ന അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുകയായിരുന്നു ഫസലുദ്ദീന്‍. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഫസലുദ്ദീന്‍, 5 വര്‍ഷം മുന്‍പാണ് വിരമിച്ചത്. വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കിയും സജീവമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക