കാസര്‍കോട്: പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ(27) ആര്‍എസ്എസ്സുകാര്‍ പള്ളിയിലെ താമസസ്ഥലത്തുകയറി കഴുത്തറുത്ത് കൊന്ന കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജിന്റെ അസൗകര്യത്തെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 20ലേക്കാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്.(riyas moulavi murder case verdict again postponed)
|
ഫെബ്രുവരി 27നാണ് ആദ്യം വിധി പറയാന്‍ തീരുമാനിച്ചിരുന്നത്. എന്നാലിത് മാര്‍ച്ച് ഏഴിലേക്കും ഒടുവില്‍ റിയാസ് മൗലവി കൊല്ലപ്പെട്ട ഏഴാം വര്‍ഷികദിനമായ മാര്‍ച്ച് 20ലേക്കും മാറ്റിവച്ചിരിക്കുകയാണ്.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് റിയാസ് മൗലവിയെ അകാരണമായി കഴുത്തറുത്ത് കൊന്നത്. ജയിലില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു.
കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിക്ക് വിധി പറയുന്നതിന് സ്ഥലം മാറ്റം ലഭിക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേസ് വീണ്ടും ആദ്യം മുതല്‍ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ വിധി പറയാനിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





