27
May 2024
Thu
27 May 2024 Thu
Robbery in elderly home

തിരുവനന്തപുരം: ജോലി ചെയ്യുന്ന വീട്ടില്‍ ആസൂത്രിത കവര്‍ച്ച നടത്തിയ അമ്മയും മകനും അറസ്റ്റില്‍. വര്‍ക്കല സ്വദേശി സുബൈദാബീവിയുടെ വീട്ടില്‍ ഒരാഴ്ച മുമ്പ് നടന്ന മോഷണക്കേസിലെ പ്രതികളാണ് പിടിയിലായത്. വീട്ടുജോലിക്കാരിയായ കൊല്ലം സ്വദേശി നുഫൈസ ബീവി, മകന്‍ അന്‍വര്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ( Robbery at elderly home; Mother and son arrested )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏപ്രില്‍ 24 നാണ് സുബൈദാ ബീവിയുടെ പതിനൊന്നരപവനോളം ആഭരണങ്ങളും 55,000 രൂപയും നഷ്ടപ്പെട്ടത്. 85 വയസ്സുള്ള സുബൈദബീവിയും ജോലിക്കാരി നുഫൈസാബീവിയും മാത്രമാണ് വീട്ടില്‍ താമസം. നുഫൈസ മകന്‍ അന്‍വറിന്റെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നു. കവര്‍ച്ചക്കുശേഷം രാത്രി തന്നെ അന്‍വര്‍ ചെന്നൈയിലേക്ക് കടന്നു.

സ്വര്‍ണവും പണവും നഷ്ടപ്പെട്ട പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നുഫൈസാ ബീവിയെ ചോദ്യം ചെയ്യുകയായിരുന്നു. മൊഴിയില്‍ വൈരുധ്യം തോന്നിയതിനെ തുടര്‍ന്ന് നുഫൈസയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ഫോണില്‍ കിട്ടാതായതോടെ അന്‍വര്‍ തിരികെ നാട്ടിലെത്തിയപ്പോള്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മോഷണ മുതലുകള്‍ സുബൈദാ ബീവിയുടെ അടുക്കള ഭാഗത്ത് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് വര്‍ക്കല പൊലീസ് മോഷണം നടന്ന വീട്ടിലെത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തു.