പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ അതിരാവിലെ മുതൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ അഞ്ച് മണിയോടെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൂജകൾ തുടങ്ങി. 21 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്.
|
ഗുരുവായൂരിലും ചിങ്ങപ്പുലരിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.
ഇന്ന് മുതൽ ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിലാണ് ചിങ്ങമാസ പൂജകൾ നടക്കുന്നത്. ചിങ്ങപ്പുലരിയിൽ ഐശ്വര്യ വർധനവിനും ചൈതന്യ വർധനവിനുമായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും.
21ന് രാത്രി പത്തിന് ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി ശബരിമല നട അടക്കും.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്.
ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല.





