04
Jan 2026
Sat
04 Jan 2026 Sat
Sashi Tharoor at KLF 2026

ശ്രീനാരായണ ഗുരുവിന്റെ ആത്മീയത വെറുമൊരു തത്വശാസ്ത്രമായിരുന്നില്ല, മറിച്ച് അത് സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിച്ച ഒരു വിമോചന മാര്‍ഗമായിരുന്നുവെന്ന് ശശി തരൂര്‍. ഗുരുവിന്റെ അദ്വൈത ദര്‍ശനം എങ്ങനെയാണ് കേരളീയ സമൂഹത്തില്‍ വലിയൊരു മാറ്റത്തിന് തിരിതെളിച്ചത് എന്നതിനെക്കുറിച്ചു കെഎല്‍എഫ് വേദിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. കെ സച്ചിദാനന്ദനായിരുന്നു മോഡറേറ്റര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദിശങ്കരന്‍ ‘ബ്രഹ്‌മം ഒന്നാണ്’ എന്ന ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍, ഗുരു അതിനെ മനുഷ്യത്വത്തിന്റെ തലത്തിലേക്ക് കൊണ്ടുവന്നു എന്ന് ശശി തരൂര്‍ പറഞ്ഞു. ‘നാം എല്ലാവരും ഒരേ രക്തമുള്ളവരാണ്, പരസ്പരം വേദനിക്കുമ്പോള്‍ അനുഭവപ്പെടുന്നത് ഒരേ വേദനയാണ്’ എന്ന തിരിച്ചറിവ് അദ്വൈതത്തെ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധിപ്പിച്ചു. ‘അപരത്വം’ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാട് ജാതീയമായ വേര്‍തിരിവുകളെ വേരോടെ പിഴുതെറിയാന്‍ സഹായിച്ചു.
ദലിത് സമൂഹങ്ങള്‍ നേരിട്ടിരുന്ന അയിത്തം, കാണാപ്പാട് (unseeability), അയിത്തനിഴല്‍ (unshadowability) തുടങ്ങിയ ക്രൂരമായ വിവേചനങ്ങളെ ഗുരു നേരിട്ടത് യുക്തിസഹമായ ചോദ്യങ്ങളിലൂടെയും സമാധാനപരമായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. മനുഷ്യര്‍ക്കിടയിലുള്ള വിവേചനം ഇല്ലാതാക്കാന്‍ അദ്ദേഹം തന്റെ അനുയായികളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി മാതൃക കാട്ടി.

എന്തിനാണ് ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുന്നതായിരുന്നു സംവാദം. ആരാധനയ്ക്കുള്ള ജനങ്ങളുടെ താല്പര്യത്തെ വിവേചനത്തിനെതിരെയുള്ള ആയുധമാക്കുകയാണ് ഗുരു ചെയ്തത് എന്ന് ശശി തരൂര്‍ പറഞ്ഞു. ക്ഷേത്രം, സ്‌കൂള്‍, ചെറുകിട വ്യവസായം എന്നിങ്ങനെ ഘട്ടംഘട്ടമായുള്ള മാറ്റമായിരുന്നു ഗുരുവിന്റെ രീതി. ആദ്യഘട്ടത്തില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും, തുടര്‍ന്ന് വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സ്വയംപര്യാപ്തത കൈവരിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. തത്വചിന്തയും (Theory) പ്രായോഗിക പ്രവര്‍ത്തനവും (Practice) ഒരുപോലെ കൊണ്ടുപോയി എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത് എന്നും ശശി തരൂര്‍ പറഞ്ഞു.