ദുബായ്: യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷം മെയ് 14 ന് അജ്മാനില്‍ നടക്കും. കലാസാംസ്‌കാരിക പരിപാടികളോടെയാണ് വാര്‍ഷികം ആഘോഷിക്കുന്നത്. ശശി തരൂര്‍ എം.പി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
|
അജ്മാനിലെ കെമ്പിന്‍സ്‌കി ഹോട്ടലിലാണ് ഐഷറീന്‍ എന്നുപേരിട്ടിരിക്കുന്ന ആഘോഷ പരിപാടി നടക്കുക. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇന്ത്യ എന്നിവയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുളള ആരോഗ്യവിദഗ്ധര്‍ ഐഷറീന്‍ സമ്മേളനത്തിലും അതോടനുബന്ധിച്ച് ദുബായ് കോണ്‍റാഡ് ഹോട്ടലില്‍ മെയ് 12 ന് നടക്കുന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും എകെഎംജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ പരിപാടിയുടെ മുഖ്യരക്ഷാധികാരിയായിരിക്കുമെന്നും എകെഎംജി എമിറേറ്റ്‌സ് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
ആധുനിക വൈദ്യശാസ്ത്ര രംഗത്ത് മികച്ച് സംഭാവനകള്‍ അര്‍പ്പിച്ച പ്രഗത്ഭര്‍ക്ക് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ കാന്‍സര്‍ വിദഗ്ധന്‍ ഡോ. എം.വി പിള്ളക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും, അബൂദബിയിലെ ജി 42 സിഇഒ; ആശിഷ് ഐപ് കോശിക്ക് യൂത്ത് ഐക്കണ്‍ പുരസ്‌കാരവും സമ്മാനിക്കും. വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. എകെഎംജി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിലൊരുങ്ങുന്ന ഋതു എന്ന നൃത്ത സംഗീത നാടകമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നീ നാല് കാലങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന പരിപാടിയില്‍ 100 ഓളം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 150 ഓളം പേര്‍ ഭാഗമാകും. സംഘടനയിലെ അംഗങ്ങളായ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് നൃത്ത സംഗീത നാടകത്തിന്റെ രചനയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. സംഘടനയുടെ പുതിയ പ്രസിഡന്റായി ഡോ. നിര്‍മ്മല രഘുനാഥന്‍ സമ്മേളനത്തില്‍ ചുമതലയേല്‍ക്കും. ഭാരവാഹികളായ ജോര്‍ജ് തോമസ്, ജോര്‍ജ് ജേക്കബ്, സറഫുല്ല ഖാന്‍, ജമാലുദ്ദീന്‍ അബൂബക്കര്‍, സുഗു മലയില്‍ കോശി, ബിജു ഇട്ടിമാണി, ഫിറോസ് ഗഫൂര്‍, കെ.എം മാത്യൂ തുടങ്ങിയവരാണ് വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചത്.





