08
Oct 2023
Tue
08 Oct 2023 Tue

2034 ലോകകപ്പ്: സൗദിയുടെ സാധ്യത കൂടുന്നു, 70ലധികം രാജ്യങ്ങള്‍ പിന്തുണച്ചു, ഫിഫയെ നേരിട്ട് താല്‍പ്പര്യം അറിയിച്ച് സൗദി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നീക്കങ്ങള്‍ ഫലംകാണുന്നു. ലോകകപ്പ് ഫുട്‌ബോള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് കത്ത് നല്‍കി. ഇതു സംബന്ധിച്ച ഫിഫ കരാര്‍ ഒപ്പു വെക്കുകയും ചെയ്തു. ഫിഫയുടെ 211 അംഗ രാജ്യങ്ങളില്‍ എഴുപതിലേറെ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് സൗദി അറേബ്യ അറിയിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതാണ് നാമനിര്‍ദേശമെന്ന് സൗദി ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ ബിന്‍ ഹസന്‍ അല്‍മിസ്ഹല്‍ പറഞ്ഞു.

2030, 2034 ലോകകപ്പുകളുടെ ആതിഥേയരെ അന്തിമമായി തീരുമാനിക്കേണ്ടത് അടുത്ത വര്‍ഷം അവസാനമാണ്. എന്നാല്‍ മുപ്പത്തേഴംഗ ഫിഫ കൗണ്‍സില്‍ ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. നേരത്തെ ഗ്രീസുമായും ഈജിപ്തുമായും സഹകരിച്ച് ലോകകപ്പ് നടത്തുന്നതിനെക്കുറിച്ച് സൗദി ആലോചിച്ചിരുന്നു. അത് ഉപേക്ഷിച്ചതായാണ് സൂചന. അടുത്ത രണ്ട് ലോകകപ്പുകള്‍ വടക്കെ അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നടക്കുമെന്നിരിക്കെ 2034 ലെ ലോകകപ്പ് നടത്താനുള്ള അവകാശം ഫിഫ ഏഷ്യ, ഓഷ്യാന മേഖലകള്‍ക്കാണ് അനുവദിച്ചത്. 2034 ലെ ലോകകപ്പ് വേദി തെരഞ്ഞെടുക്കാനുള്ള സമയക്രമം ഫിഫ നേരത്തെയാക്കുകയായിരുന്നു. താല്‍പര്യം പ്രകടിപ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 31 ആണ്. ബന്ധപ്പെട്ട സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് കൊണ്ടുള്ള രേഖ നവംബര്‍ 30 നകം ഫിഫക്ക് സമര്‍പ്പിച്ച് കരാറൊപ്പിടണം. ഈയിടെ ന്യൂസിലാന്റുമൊത്ത് വനിതാ ലോകകപ്പ് നടത്തിയ ഓസ്‌ട്രേലിയ 2034 ലെ ലോകകപ്പിനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എട്ടാഴ്ചക്കകം അവര്‍ക്ക് കരാറൊപ്പിടാന്‍ കഴിയുമോയെന്നാണ് സംശയം. 40,000 പേര്‍ക്കിരിക്കാവുന്ന ഏഴ് സ്റ്റേഡിയങ്ങളെങ്കിലും നിലവിലുണ്ടായിരിക്കണമെന്ന നിബന്ധനയും അവര്‍ക്ക് പാലിക്കാനാവില്ല. 2027 ലെ ഏഷ്യന്‍ കപ്പിനൊരുങ്ങുന്ന സൗദി ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാണ്.

2030 ലെ ലോകകപ്പിന് മുന്നോട്ടുവന്ന രണ്ട് സംരംഭങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്തതിന്റെ ഭാഗമാാണ് 2034 ലെ ലോകകപ്പ് വേദി നിശ്ചയിക്കുന്ന പ്രക്രിയ നേരത്തെയാക്കിയത്. 2026 ലെ ലോകകപ്പ് അമേരിക്ക, മെക്‌സിക്കൊ, കാനഡ എന്നീ രാജ്യങ്ങളിലാണ്. 2030 ലെ ലോകകപ്പിനായി സ്‌പെയിന്‍, പോര്‍ചുഗല്‍, മൊറോക്കൊ സംയുക്തമായും, അര്‍ജന്റീന, പാരഗ്വായ്, ഉറുഗ്വായ്, ചിലി സംയുക്തമായും രംഗത്തുവന്നിരുന്നു. ഫിഫ ഇടപെട്ട് ആറ് രാജ്യങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ ധാരണയായി. മൂന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഓരോ കളിയും ബാക്കി സ്‌പെയിന്‍, പോര്‍ചുഗല്‍, മൊറോക്കൊ എന്നിവിടങ്ങളിലും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക