|
മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ ഇനി വനിതകളും. ഗതാഗതമന്ത്രി സാലിഹ് അൽ ജാസിർ ആണ് ഇക്കാര്യം അറിയിച്ചത്. തൊഴിൽ പ്രാദേശികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിൽ ആരംഭിച്ച പരിശീലനത്തിന്റെ ആദ്യഘട്ടം 31 സൗദി വനിതകൾ ഇതിനകം വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. തിയറി പരിശീലനം, പൊതുവിജ്ഞാനം, ഗതാഗത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിലായി 483 മണിക്കൂർ പരിശീലനമാണ് ഇവർക്ക് നൽകിയിരുന്നത്.
ശമ്പളത്തോടു കൂടിയുള്ള ഒരുവർഷത്തെ പരിശീലനത്തിനു ശേഷമാവും വനിതകൾ ഹറമൈൻ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുക. വനിതാ ട്രെയിൻ ഡ്രൈവർമാർക്കു വേണ്ടി ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ പരസ്യത്തെ തുടർന്ന് 28000 പേരാണ് അപേക്ഷ നൽകിയത്.
ഗതാഗതമേഖലയിലെ 18 തരം ജോലികൾ സൗദി അടുത്ത വർഷത്തോടെ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്. പൈലറ്റ്, എയർ കൺട്രോളർ, കോ പൈലറ്റ് തുടങ്ങിയവയും സൗദിവൽക്കരിക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയമെന്ന് മന്ത്രി പറഞ്ഞു.



