|
ആനപ്രേമം മൂത്ത് ആനപാപ്പാന്മാരാകാൻ വേണ്ടി നാടുവിട്ട കുന്നംകുളം പഴഞ്ഞി സ്വദേശികളായ മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
പഴഞ്ഞി ഗവൺമെൻറ് സ്കൂളിലെ മൂന്ന് വിദ്യാർഥികളാണ് ആനപാപ്പാന്മാരാവാൻ വേണ്ടി പോവുകയാണെന്ന് കത്തെഴുതിവച്ച് നാടുവിട്ടത്. കോട്ടയത്തേക്കാണ് പോവുന്നതെന്നും പോലീസ് അന്വേഷിച്ച് വരേണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിൽ എത്താമെന്നും കത്തിലെഴുതിയിരുന്നു.
അന്വേഷണത്തിൽ കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോയതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്ന് കുന്നംകുളം പൊലീസ് തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.



