|
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ സുരക്ഷാ നടപടിയില്‍ വീണ്ടും വീഴ്ച. കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി വെസ്റ്റ് ഹില്ലിലെ PWD ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ 10 വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.
കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ പൊലിസ് കേസെടുത്തു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം.
കഴിഞ്ഞദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച് കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം അപകടത്തില്‍പ്പെട്ടിരുന്നു. വാഹനവ്യൂഹത്തിലെ അഞ്ചുവാഹനങ്ങളാണ് അന്നു കൂട്ടിയിടിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്.
Security breach again; The bus boarded the CM’s convoy


