കണ്ണൂര്‍: ബിജെപി കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം.
|
സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍റേയും സ്പീക്കർ എ എൻ ഷംസീറിന്‍റേയും കൈയും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് ബിജെപി പ്രവർത്തകർ കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. തലശേരിക്കടുത്ത് മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം.
സ്പീക്കർ എ എൻ ഷംസീറിനെതിരായ യുവമോര്‍ച്ചാ നേതാവിന്‍റെ കൈവെട്ട് ഭീഷണി പ്രസംഗത്തിനു പിന്നാലെ പി ജയരാജന്‍ നടത്തിയ മോര്‍ച്ചറി പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി കൊലവിളി. ഷംസീറിന് ജോസഫ് മാഷിന്റെ ഗതി വരുമെന്നായിരുന്നു
യുവമോർച്ച നേതാവ് ഗണേഷിന്‍റെ ഭീഷണി.
ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ഇതിന് മറുപടിയായി പി ജയരാജൻ പറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു കണ്ണൂരില്‍ ബിജെപിയുടെ കൊലവിളി പ്രകടനം.
ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തിൽ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ചാണ് സ്പീക്കർക്കെതിരെ സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയത്. ചൊവ്വാഴ്ച തലശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജന.സെക്രട്ടറി കെ ഗണേഷ് കൈവെട്ടൽ സംഭവുമായി ചേർത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കുകയായിരുന്നു. മതം പറഞ്ഞുളള വിവാദ പ്രയോഗങ്ങൾ വേറെയുമുണ്ടായി. അതിനായിരുന്നു പി ജയരാജന്‍റെ മോർച്ചറി മുന്നറിയിപ്പ്.
പിന്നാലെ കൊലവിളി മുദ്രാവാക്യം ഉയരുകയും ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ എസ്പിക്ക് പരാതിയും നൽകി. സമൂഹമാധ്യങ്ങളിലും പ്രകോപന പോസ്റ്റുകൾ നിറയുകയാണ്. ഇതിനിനിടെയാണ് ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





