21
Sep 2024
Tue
21 Sep 2024 Tue
VHP judges meet

ന്യൂഡല്‍ഹി: സംഘപരിവാര സംഘടനയായ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജഡ്ജിമാരുടെ യോഗത്തില്‍ സര്‍വീസിലുള്ള ജഡ്ജിമാരും പങ്കെടുത്തതായി വിവരം.(Serving judges participated in VHP secret meeting )  രഹസ്യ യോഗത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രം പുറത്തു വന്നത് അബദ്ധത്തിലാണെന്ന് സംഘാടകര്‍ തന്നെ സമ്മതിച്ചു. ചിത്രങ്ങള്‍ പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന്റെ അബദ്ധമാണെന്നാണ് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുപ്പതിലേറെ വിരമിച്ച സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് പുറമേ ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍വീസിലുള്ള രണ്ട് ജഡ്ജിമാരും പങ്കെടുത്തതായ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കര്‍ണാടകയില്‍ ഹിജാബ് വിലക്കിയ ബിജെപി സര്‍ക്കാര്‍ നടപടി ശരിവച്ച ജഡ്ജി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. വാരണാസി ഗ്യാന്‍വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹ് മസ്ജിദ്, വിവാദമായ വഖ്ഫ് ഭേദഗതി ബില്‍, മതപരിവര്‍ത്തന നിയമം തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ് അറിയുന്നത്. ഈ വിഷയങ്ങള്‍ ആളിക്കത്തിക്കാനും നിയമസഹായത്തോടെ തങ്ങള്‍ക്ക് അനുകൂലമാക്കാനുമുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

ALSO READ: രാഹുൽ ഗാന്ധിയുടെ നാവരിയുമെന്നു ഭീഷണി: ശിവസേന MLAക്കെതിരെ കേസ്, നേതാവിനെ തള്ളി പാർട്ടി

വിഎച്ച്പിയുടെ നിയമവിഭാഗമായ വിധി പ്രകോഷ്തായുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലാണ് പരിപാടി നടത്തിയത്. കേന്ദ്ര നിയമനീതി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയാണ്. ഇദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രങ്ങള്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

‘മുന്‍ ജഡ്ജിമാര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടച്ചിട്ട മുറിയില്‍ നടന്ന രഹസ്യ പരിപാടിയാണിത്. നിയമമന്ത്രാലയം ഫോട്ടോ പരസ്യമാക്കിയത് അബദ്ധമായിപ്പോയി’- വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറഞ്ഞു.

സപ്തംബര്‍ എട്ടിന് നടന്ന യോഗത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍വീസിലുള്ള രണ്ട് ജഡ്ജിമാരും പങ്കെടുത്തതായി ‘ബാര്‍ ആന്റ് ബെഞ്ച്’ ആണ് റിപോര്‍ട്ട് ചെയ്തത്. ഒരു വിഎച്ച്പി ഭാരവാഹി ഇക്കാര്യം സ്ഥിരീകരിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാര്‍ ഇക്കാര്യം നിഷേധിച്ചു.

വിരമിച്ച ശേഷം ഈയിടെ ബിജെപിയില്‍ ചേര്‍ന്ന മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ, വിരമിച്ച സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

നിലവില്‍ ന്യൂ ഡല്‍ഹി ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ചെയര്‍പേഴ്സനായ റിട്ട. ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് 2022 ഒക്ടോബറില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് നിരോധിച്ചുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച വിവാദ വിധി പ്രസ്താവിച്ചത്.

തങ്ങള്‍ക്ക് സ്വാധീനമുള്ള ജഡ്ജിമാരെ ഉപയോഗിച്ച് സംഘപരിവാരം കോടതി വിധികള്‍ അനുകൂലമാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സര്‍വീസിലുള്ള ജഡ്ജിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത രഹസ്യ യോഗത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.