ചെന്നൈ: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട മേക്കേദാട്ടു അണക്കെട്ട് വിഷയത്തെ ചൊല്ലി തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജോസഫ് വിജയിയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.
|
കര്‍ണാടക മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ അത് തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഉദയനിധി സ്റ്റാലിന് സഭയില്‍ ചോദിച്ചു.
‘കര്‍ണാടക മേക്കേദാട്ടു അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടുപോകുന്നത് തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് നിയമസഭയെ അറിയിക്കണം,’ ഉദയനിധി ആവശ്യപ്പെട്ടു.
‘കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കും’ – വിജയ്
ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വിജയ്, മേക്കേദാട്ടു അണക്കെട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതായും പദ്ധതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും വ്യക്തമാക്കി.
‘തമിഴ്നാട്ടിലെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും,’ വിജയ് പറഞ്ഞു.
അതോടൊപ്പം, 1969-ല്‍ കര്‍ണാടകയുടെ പദ്ധതിക്ക് ആദ്യ അനുമതി നല്‍കിയിരുന്നത് ഡി.എം.കെ സര്‍ക്കാരാണെന്നും അദ്ദേഹം തിരിച്ചടിച്ചു.
സര്‍വകക്ഷി യോഗം വേണമെന്ന് ഉദയനിധി
മേക്കേദാട്ടു വിഷയത്തില്‍ കര്‍ണാടകയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും സമാനമായ യോഗം വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ഉദയനിധി സ്റ്റാലിന് ചോദിച്ചു.
‘കര്‍ണാടക അവരുടെ അവകാശത്തിനായി എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിച്ചു. തമിഴരുടെ താല്പര്യം സംരക്ഷിക്കാന്‍ തമിഴ്നാട്ടിലും സര്‍വകക്ഷി യോഗം വിളിക്കാന്‍ ടി.വി.കെ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?’ അദ്ദേഹം ചോദിച്ചു.
ബെംഗളൂരു സന്ദര്‍ശന വിവാദം
മുഖ്യമന്ത്രി വിജയ് ബെംഗളൂരു സന്ദര്‍ശിച്ച് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തയും സഭയില്‍ ചര്‍ച്ചയായി.
ആദ്യം മുഖ്യമന്ത്രി ബെംഗളൂരുവിലേക്ക് പോകുമെന്ന വിവരം പുറത്തുവിട്ടെങ്കിലും പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെ അത് നിഷേധിച്ചുവെന്ന് ഉദയനിധി ആരോപിച്ചു.
അതേസമയം, വിജയ് ബെംഗളൂരു സന്ദര്‍ശിക്കുന്നത് മാറ്റി വെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കാവേരി ജലവിഹിത തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചതെന്നാണ് വിവരം.
‘തമഴ് ജനതയ്ക്ക് വേണ്ടി അപമാനിക്കപ്പെടുന്നതില്‍ എനിക്ക് പ്രയാസമില്ല’
കര്‍ണാടകയുമായി ചര്‍ച്ച നടത്താനുള്ള തന്റെ നിലപാടിനെ വിജയ് ന്യായീകരിച്ചു.
‘ശത്രുരാജ്യങ്ങള്‍ പോലും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അയല്‍ സംസ്ഥാനവുമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? ആ ശ്രമത്തില്‍ എനിക്ക് അപമാനം നേരിടേണ്ടി വന്നാലും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി അത് സഹിക്കാന്‍ ഞാന്‍ തയ്യാറാണ്,’ വിജയ് സഭയില്‍ പറഞ്ഞു.
മേക്കേദാട്ടു പദ്ധതി
ദശാബ്ദങ്ങളായി തുടരുന്ന തര്‍ക്കവിഷയമാണ് മേക്കേദാട്ടു അണക്കെട്ട് പദ്ധതി. കര്‍ണാടകയിലെ രാമനഗര (ഇപ്പോള്‍ ബെംഗളൂരു സൗത്ത്) ജില്ലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിലൂടെ, ബംഗളൂരുവിന് കുടിവെള്ളം ലഭ്യമാക്കുക, 400 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
തമിഴ്നാടിന് അനുവദിച്ചിരിക്കുന്ന കാവേരി ജലവിഹിതത്തില്‍ കുറവുണ്ടാകില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. എന്നാല്‍ ജലവിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുകയാണ്.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വിജയ് പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം അറിയിക്കുകയും, തമിഴ്നാടിന്റെ എതിര്‍പ്പ് നിലനില്‍ക്കേ കേന്ദ്ര ജലശക്തി മന്ത്രാലയവും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും കര്‍ണാടകയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Tags:
Mekedatu Dam, Vijay, Joseph Vijay, Udhayanidhi Stalin, Tamil Nadu Assembly, Cauvery Water Dispute, Karnataka, Tamil Nadu, DK Shivakumar, Narendra Modi, Cauvery River, Mekedatu Project, TVK, DMK, Tamil Nadu Politics, Karnataka News, South India News, Water Dispute
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





