01
Jul 2023
Fri
01 Jul 2023 Fri

ധനപ്രതിസന്ധിയുടെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കുമ്പോള്‍ ധൂര്‍ത്തും ആഢംബരവും അരങ്ങു തകര്‍ക്കുന്നുവെന്ന് പി. അബ്ദുല്‍ ഹമീദ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ധനപ്രതിസന്ധിയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുമ്പോഴും ധൂര്‍ത്തും ആഢംബരവും അരങ്ങു തകര്‍ക്കുകയാണെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എംഎല്‍എ പ്രസ്താവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. തൊട്ടതെല്ലാം പിഴക്കുന്ന കേരള ഭരണത്തില്‍ വിലക്കയറ്റവും തലതിരിഞ്ഞ മദ്യനയവും തുടങ്ങി പിണറായി സര്‍ക്കാറിന്റെ ഔചിത്യബോധമില്ലാത്ത തുടര്‍ഭരണകാലം ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞുവെന്നും, സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങള്‍ നിയസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.ഇ.യു ജില്ലാ പ്രസിഡന്റ് വി.പി സമീര്‍ അധ്യക്ഷനായി. പി ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ അവരെ പണയപ്പണ്ടമാക്കി കേന്ദ്രത്തില്‍ നിന്നും കടമെടുത്തത് അപഹാസ്യമാണെണ് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക, ആറ് ഗഡു കുടിശിക ക്ഷാമബത്ത അനുവദിക്കുക, തടഞ്ഞു വെച്ച ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, കവര്‍ന്നെടുത്ത ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, മെഡിസെപ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള മാര്‍ച്ചിനു ശേഷം കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയും നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍, സെറ്റ്‌കോ ജനറല്‍ കണ്‍വീനര്‍ എം.എ മുഹമ്മദാലി സമരസന്ദേശം നല്‍കി.

മുന്‍ പ്രസിഡന്റ് എ.എം അബൂബക്കര്‍, സംസ്ഥാന ഭാരവാഹികളായ കെ അബ്ദുല്‍ ബഷീര്‍, ഹമീദ് കുന്നുമ്മല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ലക്ഷ്മണന്‍, അഹമ്മദ് എന്‍, കെ . മാട്ടി മുഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് എ കെ, ട്രഷറര്‍ സലിം ആലിക്കല്‍, ഷരീഫ് സി,സാജിദ പാലേമ്പടിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഹിമാന്‍ മുണ്ടോടന്‍, ജലീല്‍ അച്ചിപ്ര, പി ചേക്കുട്ടി, നാസര്‍ പൂവത്തി, ടി.പി ശശികുമാര്‍, സാദിഖലി വെളില, മുംതാസ് .ടി വി, ഗഫൂര്‍ പഴമള്ളൂര്‍, ഫൈറൂസ് വടക്കേമണ്ണ, ഷരീഫ് കാടേരി, നാഫിഹ് സി.പി, ആബിദ്, അഹമ്മദ്, അനില്‍കുമാര്‍ വള്ളിക്കുന്ന്, റിയാസ് വണ്ടൂര്‍, ഹമീദ് എം, ഹാഷിം കെ .പി, നാസര്‍ ആനക്കയം നേതൃത്വം നല്‍കി.