ആലപ്പുഴ: വ്യാജ ഡിഗ്രിയും ജോലിത്തട്ടിപ്പും കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കി കൊണ്ടിരിക്കെ ആലപ്പുഴയിലും സമാന സംഭവം റിപ്പോർട്ട്ചെയ്തു. എസ്എപ്ഐ ജില്ലാ കമ്മിറ്റി അംഗം നിഖിൽ തോമസിനെതിരെയാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നൽകിയത്. എംകോമിനു ചേരാൻ ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം.
|
2018- – 2020 കാലയളവിൽ നിഖിൽ കായംകുളം എംഎസ്എം കോളജിൽ ബികോം പഠിച്ചെങ്കിലും പാസായില്ല, 2021ൽ ഇതേ കോളജിൽ എംകോമിനു ചേർന്നു. ഹാജരാക്കിയത് 2019 – 21 കാലയളവിലെ കലിംഗ സർവകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റാണ്. ഒരേ സമയത്ത് രണ്ടു കോളജുകളിൽ എങ്ങനെ പഠിച്ചുവെന്നും പരാതിയിൽ ചോദിക്കുന്നു.
ആരോപണം ഗൗരവതരമെന്ന് കണ്ടതിന് പിന്നാലെ ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദ്ദേശം നൽകി. ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ സ്ഥിരീകരിക്കുകയും ചെയ്തു.





