08
Oct 2023
Sat
08 Oct 2023 Sat

ഷിയാസ് കരീം കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷനില്‍; അറസ്റ്റ് രേഖപ്പെടുത്തി; കോടതിയില്‍ ഹാജരാക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ സിനിമ, ടെലിവിഷന്‍ താരം ഷിയാസ് കരീമിനെ കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയ ഷിയാസിനെ ഇന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്തേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഹൈക്കോടതി ഉത്തരവ് കാണിച്ച് ഉപാധികളോടെ വിട്ടയക്കാനാണ് നിര്‍ദേശം. നേരത്തെ താന്‍ ജയിലില്‍ അല്ലെന്നും ദുബായിലുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നാട്ടിലെത്തുമ്പോള്‍ നേരിട്ട് കാണാം എന്നുമാണ് വീഡിയോയില്‍ പറഞ്ഞത്.

കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ യുവതി പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക