01
Jun 2026
Mon
01 Jun 2026 Mon
SHUHAIB MURDER CASE

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജെ. ബെന്നിയാണ് ഹര്‍ജി തള്ളിയത്. തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. നാളെ ഇതേ കോടതിയില്‍ വിചാരണ തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിചാരണക്കോടതി പ്രതികളുടെ ജാമ്യം നേരത്തെ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍ സ്റ്റേ വാങ്ങിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാനും നീക്കം നടത്തുന്നുണ്ട്.

ഈ മാസം 18 മുതല്‍ തുടര്‍ച്ചയായി ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കി.

ALSO READ: വിരാട് കോഹ്ലിയുടെ ചുവടുകള്‍ കണ്ട് കണ്ണ് തള്ളി അനുഷ്‌ക; സോഷ്യല്‍ മീഡിയ തൂക്കി വീഡിയോ

എന്നാല്‍ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിന് തയാറായില്ല. കേസ് നിലവിലെ കോടതിയില്‍നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍ നിന്നും അഭിഭാഷകര്‍ വിട്ടു നിന്നത്. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. 8 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാന്‍ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.

Shuhaib Murder case: The court rejected the defense’s plea to change the trial court