13
Feb 2024
Tue
13 Feb 2024 Tue

അരീക്കോട്: അക്കാദമികരം​ഗത്തടക്കം ​ഗവേഷണപ്രക്രിയകൾ വേ​ഗത്തിലാക്കാൻ നിർമിതബുദ്ധി സങ്കേതങ്ങൾക്കാവുമെന്നും ഭാവിയിൽ എല്ലാ ജോലി മേഖലകളിലും നിർമിതബുദ്ധി ഉപയോ​ഗപ്പെടുത്താത്തവർ പിൻതള്ളപ്പെടുമെന്നും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. സുല്ലമുസ്സലാം സയൻസ് കോളേജിൽ ആരംഭിച്ച ത്രിദിന സുല്ലമുസ്സലാം ​ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സയൻസ്, ആർട്സ് ആന്റ് കൊമേഴ്സ് (സിക്സാക് 2024) ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യകാല കണ്ടുപിടുത്തങ്ങൾ നമ്മളിലേക്കെത്താൻ വർഷങ്ങൾ എടുത്തെങ്കിൽ നിർമ്മിതബുദ്ധിയടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾ നമ്മളിലേക്കെത്താൻ ദിവസങ്ങൾ മാത്രമാണെടുത്തത്‌. അത്രയും അഭൂതപൂർവ്വമായ വേഗത്തിലാണു സാങ്കേതിവിദ്യകളുടെ കൈമാറ്റം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മു​ഹമ്മദ് ഇല്യാസ് അ​ദ്ധ്യക്ഷത വഹിച്ചു. കോളേജിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഔദ്യോ​ഗിക പ്രഖ്യാപനം ചടങ്ങിൽ കോളേജ് മാനേജർ പ്രൊഫ. എൻ. വി. അബ്ദുറഹിമാൻ നിർവ​​ഹിച്ചു. മുൻപ്രിൻസിപ്പൽ ഡോ. പി. പി. അബ്ദുൽ ഹഖ് ലോ​ഗോ പ്രകാശനം ചെയ്തു.

ശ്രീലങ്ക ശ്രീ ജയവർ​ദ്ധെനെപുര യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ആർ. കെ. ഡി. നിലന്തി രാജപക്ഷെ, കാലിക്കറ്റ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ലജിഷ് വി.എൽ, ​ഗീതം യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. വി. അഭിലാഷ്, സൗദി അറേബ്യയിലെ ജുബെൽ ഇൻഡസ്ട്രിയൽ കോളേജിലെ പ്രോ​ഗ്രാം ഡയറക്ടർ അമീർ അസ്ഹർ എൻ. വി. തുടങ്ങിയവർ ആദ്യദിവസത്തെ വിവിധ സെഷനുകളിൽ സംസാരിച്ചു.

കോൺഫറൻസിന്റെ രണ്ടാം ദിനമായ നാളെ മീഡിയ വൺ ടിവി സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ നിഷാദ് റാവുത്തർ, യു.കെ.യിലെ ഡണ്ടി സർവകലാശാല സ്‌കൂൾ ഓഫ് ബിസിനസ് വിഭാ​ഗം പ്രൊഫസർ ഡോ. സുദർശൻ റെഡ്ഡി പരമാട്ടി, ഷാർജ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സാഹിദ് റാസ, ജപ്പാൻ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അഫ്സൽ കെ. തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഡോ. പി. മുസ്തഫ ഫാറൂഖ്, ഐ. ക്യൂ. എ. സി. കോ-ഓർഡിനേറ്റർ ഡോ. ജാബിർ എ. എം, സ്റ്റാഫ് സെക്രട്ടറി ഡോ. കെ. പി. മുഹമ്മദ് ബഷീർ, സംഘാടകസമിതി കൺവീനർ ഡോ. മുഹമ്മദ് ജംഷീർ ടി. പി., യൂണിയൻ ചെയർമാൻ യാസീൻ എന്നിവർ സംസാരിച്ചു. സെമിനാർ വ്യാഴാഴ്ച സമാപിക്കും.