ജിദ്ദ: കാൽപന്ത് കളിയിൽ കഴിവ് തെളിയിച്ച ക്ലബ്ബുകളെ ഒരു കുടക്കീഴിൽ അണിനിരത്തി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ മികവുറ്റ രീതിയിൽ സംഘടിപ്പിച്ചു വരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രാൻഡ് ഫിനാലെ ജിദ്ദ കിങ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ഈസ്ടീ ഡയറക്ടറുമായ നവാസ് മീരാൻ, സിനിമാ താരം സിദ്ദീഖ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.
|
ഈ മാസം എട്ടിന് വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ രാത്രി 10 വരെയാണ് മൂന്ന് ഡിവിഷനുകളുടെയും ഫൈനൽ നടക്കുക.
ജിദ്ദയിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന ഫൈനൽ മൽത്സരത്തിന്റെ എ ഡിവിഷനിൽ പ്രിന്റെക്സ് റിയൽ കേരള എ സി പവർ ഹൗസ് മഹ്ജർ എഫ് സി യെ നേരിടും. ബി ഡിവിഷനിൽ സൈക്ലോൺ ഐ ടി സോക്കാർ എ എഫ്സി അനലിസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും. ഡി ഡിവിഷനിൽ ബദർ അൽ തമാം ടാലെന്റ്റ് ടീൻസ് അക്കാദമി സ്പോർട്ടിങ് യുണൈറ്റഡ് യുണൈറ്റഡ് അകാദമിയുമായി മാറ്റുരയ്ക്കും
ദേശീയ അന്തർദേശീയ താരങ്ങളുടെ നീണ്ട നിര തന്നെ ഗ്രാൻഡ് ഫിനാലയിൽ ഏറ്റുമുട്ടി വിജയം വരിക്കാനും കാണികളെ ആവേശത്തിന്റെ ആരവത്തിലേക്ക് നയിക്കാനും ജിദ്ദയിൽ എത്തിയിട്ടുണ്ട്. ജിദ്ദ വാസീരിയയിലെ അൽ തആവൂൺ സ്റ്റേഡിയത്തിൽ ഇതുവരെ സംഘടിപ്പിച്ച മുഴുവൻ മത്സരങ്ങളും നല്ല നിലവാരം പുലർത്തി കാണികളുടെയും വിവിധ ക്ലബുകളുടെയും പ്രതീക്ഷയ്ക്ക് ഒത്ത് മുൻ വർഷത്തെ കളികളെക്കാൾ നിലവാരം പുലർത്തി എന്ന് ഫുട്ബാേൾ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ഫൈനൽ പോരാട്ടങ്ങൾ കൂടുതൽ കാണികൾക്ക് സൗകര്യത്തോടെ വീക്ഷിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിലേക്ക് മാറ്റണം എന്ന ജിദ്ദ കായിക പ്രേമികളുടെ അഭ്യർത്ഥന മാനിച്ചാണ് പല കടമ്പകളും മറി കടന്ന് സിഫ് ഭാരവാഹികൾ ഗ്രാൻഡ് ഫിനാലെ ജിദ്ദ കിങ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നതിനു പുറമെ സിഫ് ടൂർണമെന്റ് ചരിത്രത്തിൽ ഇതുവരെ നൽകിയ ക്യാഷ് അവാർഡിലും മുകളിലുള്ള സംഖ്യ ഗ്രാൻഡ് ഫിനാലെയിലെ എല്ലാ ടീമുകൾക്കും സമ്മാനിക്കും.
ഗ്രാൻഡ് ഫിനാലെയെ കുറിച്ച് വിശദീകരിക്കാൻ സിഫ് പ്രതിനിധികൾ ജിദ്ദയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ബേബി നീലാബ്ര, നിസാം മമ്പാട്, അയൂബ് മുസ്‌ലിയാരകത്ത്, യാസിർ അറഫാത്ത്, അൻവർ വല്ലാഞ്ചിറ, അബു കട്ടുപാറ, നാസർ ശാന്തപുരം എന്നിവർ പങ്കെടുത്തു


