പുതുപ്പള്ളിയില്‍ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ
|
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ നാളെ വോട്ടെടുപ്പ്. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാര്‍ഥികള്‍ പരമാവധി പേരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിക്കും. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ് വിതരണം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. കോട്ടയം ബസേലിയോസ് കോളജില്‍ സൂക്ഷിച്ച പോളിംഗ് സാമഗ്രികള്‍ രാവിലെ മുതല്‍ വിതരണം ചെയ്യും. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂനിറ്റുകളും വിവി പാറ്റുകളുമാണ് തയ്യാറാക്കായത്. ഇവ കൂടാതെ 19 വിവി പാറ്റുകള്‍ ആധികമായും കരുതിയിട്ടുണ്ട്.
ഒരു ലക്ഷത്തി എഴുപത്തയ്യായിരം വോട്ടര്‍മാരുള്ള പുതുപ്പള്ളിയില്‍ 182 ബൂത്തുകളാണുള്ളത്. 182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
90,281 സ്ത്രീകളും 86,132 പുരുഷന്‍മാരും നാല് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം മണ്ഡലത്തില്‍ ആകെ 1,76,417 വോട്ടര്‍മാരാണുള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം 957ആണ്. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജെയ്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍. മൂവരുമടക്കം ഏഴ് പേരാണ് മത്സര രംഗത്തുള്ളത്.





