22
Jan 2024
Sun
22 Jan 2024 Sun

കബീർ കൊണ്ടോട്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: ഇന്ത്യൻ വനിതാ ശിശു വികസന – ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഇന്ന് ജിദ്ദയിലെത്തും. നാളെ ജിദ്ദയിൽ നടക്കുന്ന മൂന്നാമത് ഹജ്ജ് ഉംറ കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ സൗദി സന്ദർശനത്തിൽ സ്മൃതി ഇറാനിയെ അനുഗമിക്കും.

ഇന്നും നാളേയുമുള്ള കേന്ദ്ര മന്ത്രിമാരുടെ സന്ദർശനത്തിനിടയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 2024 ലെ ഹജ്ജ് കരാർ ഒപ്പിടുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള സംഘത്തെ സ്മൃതി ഇറാനി നയിക്കും. സൗദിയിലെ ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയുമായി 2024 ലെ ഹജ്ജിനെ കുറിച്ചുള്ള പരസ്പര താല്പര്യ വിഷയങ്ങളെ കുറിച്ച് ഉഭയകക്ഷി ചർച്ച നടത്തും. തുടർന്ന് പ്രധിനിധി സംഘം സൗദി അറേബ്യയിലെ ഇന്ത്യൻ വ്യവസായ സമൂഹത്തെയും ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രതിനിധികളെയും കണ്ട് ചർച്ച നടത്തും

ഇന്ത്യ സൗദി നയതന്ത്ര ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ കൂടുതൽ ദൃഢത കൈവരിച്ചുവരികയാണ്. വിവിധ മേഖലകളിൽ നടക്കുന്ന സുസ്ഥിരമായ ഇടപെടൽ ഇതിനെ സൂചിപ്പിക്കുന്നു. ഹജ്ജുമായി ബന്ധപ്പെട്ട് ഇന്നും നാളെയുമായി നടക്കുന്ന കേന്ദ്ര മന്ത്രിമാരുടെ സൗദി സന്ദർശനം ഇന്ത്യ സൗദി ബന്ധത്തിന് കൂടുതൽ ഊഷ്മളത നൽകി ശക്തിപ്പെടുത്തുമെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വാർത്താ കുറിപ്പിൽ പറഞ്ഞു.