25
May 2024
Fri
25 May 2024 Fri

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോര്‍ട്ടലായ സേവന സോഫ്റ്റ്‌വെയറില്‍ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പിശകുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി തിരുത്തലുകള്‍ വരുത്താവുന്നതാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഡാറ്റ പ്യൂരിഫിക്കേഷന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചു പിശകുകള്‍ തിരുത്തുന്നതിനും ആധാര്‍ ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതടക്കമുള്ള ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണു നിര്‍ദേശം. സേവന സോഫ്റ്റ്‌വെയറിലെ വിവരങ്ങളില്‍ പിശകുകളുള്ള ഗുണഭോക്താക്കള്‍ മാത്രമേ രേഖകള്‍ ഹാജരാക്കേണ്ടതുള്ളൂ എന്നും ഇക്കാരണത്താല്‍ നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പെന്‍ഷന്‍ മുടങ്ങുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Social Security Pension: Errors can be corrected by producing documents