31
May 2026
Sun
31 May 2026 Sun
monsoon

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തില്‍ പ്രവേശിക്കാനുളള ഒരുക്കത്തില്‍. അറബിക്കടലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എത്തി നില്‍ക്കുന്ന കാലവര്‍ഷം ഇന്നലെ ലക്ഷദ്വീപിന്റെ കൂടുതല്‍ മേഖലകളിലേക്ക് കൂടി വ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, കേരളത്തിലേക്ക് കര കയറാന്‍ കാറ്റിന് ശക്തി ഇപ്പോഴും കുറവാണെന്നതാണ് മഴ വൈകാന്‍ ഇടയാക്കുന്നത്. കേരളതീരത്ത് എത്തുമ്പോള്‍ കാലവര്‍ഷക്കാറ്റ് ശക്തി കുറയുകയും ഏതാനും മേഘങ്ങള്‍ കരകയറുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

ഇക്കാരണത്താല്‍ കേരളത്തിന്റെ മധ്യഭാഗങ്ങളിലും തെക്കന്‍ ഭാഗങ്ങളിലും കാലവര്‍ഷമേഘങ്ങള്‍ കരകയറി ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഇപ്പോഴും വേനല്‍ക്കാലത്തിന്റെ അന്തരീക്ഷമാണ്. ആകാശത്ത് മേഘങ്ങള്‍ കാണുന്നുണ്ടെങ്കിലും അവ പെയ്യിക്കാന്‍ മാത്രം ശക്തിയുള്ള കാറ്റ് ഉണ്ടാകുന്നില്ല.

ALSO READ: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്; ഇബ്രാഹിം ഹാജിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ അന്വേഷണം

അതിനാല്‍ കാര്‍മേഘങ്ങള്‍ വടക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കാണാന്‍ കഴിയുമെങ്കിലും മഴ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിന് ജൂണ്‍ 3 ന് മാറ്റം വരും. കാലവര്‍ഷം കേരളത്തില്‍ എത്തിയതായുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ സ്ഥിരീകരണം ജൂണ്‍ 3 നോ നാലിനോ ഉണ്ടായേക്കും. അടുത്ത അഞ്ചു ദിവസത്തിനകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം എത്തും എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

എന്നാല്‍ മഴയെത്തിയശേഷം വീണ്ടും ദുര്‍ബലമാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ഇന്ന് രാവിലെ മുതല്‍ നല്ല വെയില്‍ അനുഭവപ്പെടുന്നുണ്ട്. രാത്രി താപനിലയില്‍ മാറ്റം ഉണ്ടെങ്കിലും പകല്‍ താപനില ഉയര്‍ന്നുനില്‍ക്കുന്നു. ഒറ്റപ്പെട്ട മഴയും ലഭിക്കുന്നുണ്ട്.

Southwest Monsoon Prepares to Enter Kerala; Expected by June 4