25
Nov 2024
Tue
25 Nov 2024 Tue
Poovachal school

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ വിളിച്ച യോഗത്തില്‍ പൂര തല്ല്. (Students clash in school meeting Kattakkada) കാട്ടാക്കടക്കടുത്ത് പൂവച്ചല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ഥികള്‍ തമ്മില്‍ കസേരകള്‍ ഉപയോഗിച്ച് നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും പിടിഎ പ്രസിഡന്റിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ അറുപതോളം കസേരകളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞായിരുന്നു ഏറ്റുമുട്ടല്‍.

സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ചെറിയതോതില്‍ വാക്കേറ്റവും സംഘര്‍ഷവും പതിവായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലേക്കും വളര്‍ന്നതോടെയാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ തര്‍ക്കം പരിഹരിക്കാന്‍ യോഗം തുടങ്ങിയത്.

ALSO READ: റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞുകയറി; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം; ഏഴുപേര്‍ക്ക് പരിക്ക്

പ്രിന്‍സിപ്പാള്‍ എല്‍.ടി.പ്രിയ, പിടിഎ പ്രസിഡന്റ് ആര്‍.രാഘവലാല്‍, എസ്എംസി ചെയര്‍മാന്‍ അസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഇരുപക്ഷത്തു നിന്നുമായി 20 വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ പരാതികള്‍ കേള്‍ക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ വാഗ്വാദത്തിലേര്‍പ്പെടുകയും ഇത് കയ്യാങ്കളിയിലേക്കു നീങ്ങുകയുമായിരുന്നു. ഏറ്റുമുട്ടലിനിടെ വിദ്യാര്‍ഥികള്‍ പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞ് ആക്രമിച്ചു. കയ്യേറ്റം തടയുന്നതിനിടെ കസേര കൊണ്ടുള്ള ഏറിലാണ് പ്രിന്‍സിപ്പാളിന്റെ മൂക്കിനു ക്ഷതമേറ്റത്.

നെഞ്ചില്‍ ഇടിയേറ്റ് പിടിഎ പ്രസിഡന്റ് തളര്‍ന്നുവീഴുകയും ചെയ്തതോടെ, സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ അധ്യാപകര്‍ നിലയുറപ്പിച്ചു. ഈ സമയത്താണ് അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റത്. കാട്ടാക്കട പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.