28
Jul 2024
Sat
28 Jul 2024 Sat
Supreme court vs NIA

ന്യൂഡല്‍ഹി: എത്ര ഗുരുതരമായ കുറ്റമായാലും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി. (Supreme court slams NIA in UAPA case) അനന്തമായി വിചാരണ നീട്ടുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ നടപടി നീതിയെ പരിഹസിക്കലാണെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. യു.എ.പി.എ കേസില്‍ നാലു വര്‍ഷമായി വിചാരണാ തടവുകാരനായി കഴിയുന്ന മുംബൈ സ്വദേശിയായ ജാവേദ് ഗുലാം നബി ശൈഖിനു ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ കടുത്ത നിരീക്ഷണങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസ് ജെ.ബി പാര്‍ദിവാലയും ഉജ്ജല്‍ ഭുയാനും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ‘നീതിയെ ഇങ്ങനെ പരിഹസിക്കരുത്. നിങ്ങളാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. നിങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ്. എന്തുതന്നെ കുറ്റം ചെയ്തയാളാണെങ്കിലും അയാള്‍ക്കു വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശമുണ്ട്.’-കോടതി ചൂണ്ടിക്കാട്ടി.

‘ഒരുപക്ഷേ, ഗുരുതരമായ കുറ്റമായിരിക്കും അയാള്‍ ചെയ്തത്. എന്നാല്‍, വിചാരണ ആരംഭിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്. നാലു വര്‍ഷമായി അയാള്‍ ജയിലില്‍ കഴിയുന്നു. ഇതുവരെയും അയാള്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. ഇനിയും ഒരക്ഷരം ഇങ്ങോട്ടുപറയേണ്ട’-കോടതി വ്യക്തമാക്കി.

എന്നാല്‍, 80ഓളം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നായിരുന്നു എന്‍.ഐ.എ അഭിഭാഷകന്റെ ന്യായീകരണം. എന്നാല്‍, ഇതിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി നേരിട്ടത്. ഇനിയും എത്രകാലം അയാള്‍ ജയിലില്‍ കഴിയണമെന്ന് സുപ്രിം കോടതി ചോദിച്ചു. എല്ലാ കുറ്റാരോപിതനും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21ാം വകുപ്പ് നല്‍കുന്നതാണ്. കേസില്‍ ഈ അവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണ്.

വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ജാവേദിന് ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ ആവര്‍ത്തിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. നാലു വര്‍ഷമായി തടവില്‍ കഴിയുന്ന ജാവേദ് ശൈഖിന്റെ വിചാരണ ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ കുറ്റാരോപിതരായ മറ്റു രണ്ടുപേര്‍ക്കു ജാമ്യം നല്‍കിയ കാര്യവും കോടതി സൂചിപ്പിച്ചു.

2020 ഫെബ്രുവരി ഒന്‍പതിനാണ് മുംബൈ പൊലീസ് ജാവേദ് ഗുലാം നബി ശൈഖിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്. പാകിസ്താനില്‍നിന്ന് എത്തിയ കള്ളനോട്ടുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തെന്നായിരുന്നു പോലീസിന്റെ അവകാശവാദം. കേസ് പിന്നീട് എന്‍.ഐ.എയ്ക്കു കൈമാറി. ഫെബ്രുവരി തുടക്കത്തില്‍ ഇദ്ദേഹം ദുബയില്‍ പോയ സമയത്താണ് കള്ളനോട്ട് സ്വീകരിച്ചതെന്നായിരുന്നു എന്‍.ഐ.എയുടെ ആരോപണം. കഴിഞ്ഞ ഫെബ്രുവരിയില്‍ ജാമ്യം തേടി ജാവേദ് ശൈഖ് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എന്‍.ഐ.എയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളുകയായിരുന്നു.