08
Oct 2023
Thu
08 Oct 2023 Thu

‘നീ ഇലക്ഷന് നിക്കല്ലേ.. ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെടാ’: അന്ന് മമ്മൂട്ടി പറഞ്ഞത് ഓര്‍ത്തെടുത്ത് സുരേഷ് ഗോപി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സിനിമയ്ക്ക് പുറത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് നടന്‍ സുരേഷ് ഗോപി. ഉടന്‍ ഇറങ്ങാനിരിക്കുന്ന ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലും സുരേഷ് ഗോപി തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്നുണ്ട്. മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നെ അടുത്തിടെ ഉപദേശിച്ചുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

തെരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ല എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. മമ്മൂക്ക ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും. ഞാന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പുള്ളി പറഞ്ഞ് പിണങ്ങുകയും ചെയ്യും. പുള്ളി അതിന്റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണ്. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തൃശൂരില്‍ ഇത്തവണ ജയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയില്‍ ‘ഗരുഡന്‍’ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാരുന്നു അദ്ദേഹം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക