05
Oct 2024
Sat
05 Oct 2024 Sat
T V Prasanth suspended over violation of service rules

എഡിഎം കെ നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ദേഹത്തിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. അവധിയിലായിരുന്ന പ്രശാന്തന്‍ ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും 10 ദിവസത്തെ ലീവ് അപേക്ഷ നല്കുകയും ചെ്യതതിനു പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. 2019ല്‍ സര്‍ക്കാര്‍ ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതല്‍ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയില്‍ ടി വി പ്രശാന്തന്‍ ഉള്‍പ്പെട്ടിരുന്നു.ആ സമയത്താണ് എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നു വന്നത്. ഒക്ടോബര്‍ പത്ത് മുതല്‍ ഇയാള്‍ ആശുപത്രിയിലെ സേവനത്തില്‍ നിന്നും വിട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്.

പെട്രോള്‍ പമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന് ഇയാള്‍ മാധ്യമങ്ങളോട് പരസ്യമായി സമ്മതിച്ചിരുന്നു. കൈക്കൂലി വാങ്ങിയിട്ടില്ലെന്നും സ്ഥലംമാറി പോവുന്നതുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അവഹേളിതനാവുകയും ചെയ്തതിനാലാണ് എഡിഎം ജീവനൊടുക്കിയതെന്ന് കുടുംബമടക്കം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുന്നതിനിടെയാണ് പ്രശാന്തനെതിരായ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലായിരുന്നു പ്രശാന്തനെതിരേ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നത്.

അതേസമയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ അറസ്റ്റ് ഭയന്ന് ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും വരെ ദിവ്യ കീഴടങ്ങില്ലെന്നാണ് അവരുടെ അഭിഭാഷകര്‍ പറയുന്നത്. നവീന്‍ ബാബുവിനെതിരേ പരാതി നല്‍കുന്നതടക്കമുള്ള നടപടികള്‍ ദിവ്യയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് പ്രശാന്തന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക