13
May 2026
Sat
13 May 2026 Sat
VIJAY WITH GOVERNOR ARLEKAR

Tamil Nadu govt formation news LIVE ചെന്നൈ: തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തില്‍ നാടകീയമായ തിരിച്ചടി. ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ തൊട്ടരികില്‍ എത്തിയിട്ടും വിസികെ (VCK) നിലപാട് മാറ്റിയതും, മുസ്ലിം ലീഗ് ചാഞ്ചാടിയതുമാണ് തിരിച്ചടിയായത്. ശനിയാഴ്ച നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഗവര്‍ണര്‍ റദ്ദാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടതുപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം വിജയ്യെ പിന്തുണയ്ക്കുമെന്ന് വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വരെ ഗവര്‍ണര്‍ക്ക് പിന്തുണക്കത്ത് നല്‍കിയില്ല. പകരം അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനും എടപ്പാടി പളനിസ്വാമിയും ചേര്‍ന്ന് തിരുമാവളവനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി വിജയ്യെ തളയ്ക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഒറ്റ ദിവസം കൊണ്ട് യുടേണ്‍ അടിച്ച് മുസ്ലിം ലീഗ്; തമിഴ്‌നാട്ടില്‍ ടിവികെയ്ക്ക് പിന്തുണ

ആദ്യം സ്റ്റാലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കിയ ലീഗ് ഇന്നലെ ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അവസാന നിമിഷം ലീഗ് വീണ്ടും നിലപാട് മാറ്റി, ഡിഎംകെയുടെ കൂടെ തുടരുന്നതായി അറിയിച്ചു. വിസികെ മറുകണ്ടം ചാടിയതോടെ ടിവികെയ്ക്ക് ഭൂരിപക്ഷം തികയില്ല എന്ന തോന്നലാണ് ഈ മനംമാറ്റത്തിന് പിന്നിലെന്നാണു കരുതുന്നത്.

എംഎല്‍എയെ കാണാതായി

ടി.ടി.വി. ദിനകരന്റെ പാര്‍ട്ടിയായ എഎംഎംകെ (AMMK)യുടെ ഏക എംഎല്‍എ കാമരാജിനെ കാണാതായതാണ് മറ്റൊരു നിര്‍ണ്ണായക സംഭവം. തന്റെ എംഎല്‍എയെ വിജയ്യുടെ പാര്‍ട്ടി തട്ടിക്കൊണ്ടുപോയതാണെന്ന് ദിനകരന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. എംഎല്‍എയെ കണ്ടെത്താന്‍ ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച വൈകുന്നേരം ഗവര്‍ണറെ കണ്ടപ്പോള്‍ വിജയ്ക്ക് 116 എംഎല്‍എമാരുടെ പിന്തുണ മാത്രമേ ഔദ്യോഗികമായി ഹാജരാക്കാന്‍ കഴിഞ്ഞുള്ളൂ. ഭൂരിപക്ഷത്തിന് ഇനിയും രണ്ട് പേരുടെ കൂടി കുറവുണ്ട്.

നിലവില്‍ എംഎല്‍എയെ കാണാതായ സാഹചര്യത്തിലും ഭൂരിപക്ഷം തെളിയിക്കാത്തതിനാലും സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ഗവര്‍ണര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയം കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.