29
Jun 2024
Thu
29 Jun 2024 Thu

വില വ്യത്യാസം 8 രൂപ! ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ കര്‍ണാടകക്കാരുടെ നീണ്ട ക്യൂ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനത്തിനുള്ള വില്‍പ്പന നികുതി 3 രൂപ കൂട്ടിയതോടെ ഗോവയിലെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള പമ്പുകളില്‍ കര്‍ണാടകക്കാരുടെ നീണ്ട ക്യൂ. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഗോവയിലെത്തി പെട്രോള്‍ നിറയ്ക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കാര്‍വാറിലെ പമ്പുകളില്‍ വന്‍ വാഹന ക്യൂ അനുഭവപ്പെടുന്നത്. ഒരുവേള വാഹനങ്ങളുടെ ക്യൂ ചെക്ക്‌പോസ്റ്റും കടന്ന് നീങ്ങുകയുണ്ടായി. വൈകുന്നേരമാകുന്നതോടെ പമ്പുകളില്‍ കര്‍ണാടക വണ്ടികളുടെ ക്യൂവാണ്.

കര്‍ണാടകയിലുള്ളതിനെക്കാള്‍ ഗോവയില്‍ പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറവില്‍ ലഭിക്കും. ഡീസല്‍വില ഒന്നര രൂപയോളവും കുറവാണ്. ഗോവയില്‍ ഡീസല്‍ ലിറ്ററിന് വില 88.07 രൂപയാണ്. കര്‍ണാടകത്തില്‍ 90.57 രൂപയും. 104.49 രൂപയാണ് പെട്രോള്‍ ലിറ്ററിന് കര്‍ണാടകത്തില്‍ വില. ഗോവയില്‍ ഇത് 95.50 രൂപയാണ്. 11 ലിറ്റര്‍ പെട്രോള്‍ ഗോവയില്‍ നിന്ന് നിറച്ചാല്‍ പന്ത്രണ്ടാമത്തെ ലിറ്റര്‍ ഫ്രീയാണ് എന്ന് വാഹന ഉടമകള്‍ വിവരിക്കുന്നു.

ദിവസവും അതിര്‍ത്തി കടന്ന് അങ്ങോട്ടുമിങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവരാരും ഒരിക്കല്‍ പോലും കര്‍ണാടകത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നില്ല. ഗോവയില്‍ എല്ലാക്കാലത്തും ഇന്ധനവില കര്‍ണാകത്തിലേതിനെക്കാള്‍ കുറവാണ്. ഇപ്പോള്‍ കര്‍ണാടക വില്‍പ്പന നികുതി കൂട്ടിയതോടെ ഈ വ്യത്യാസം വലുതായതോടെയാണ് ഈയടുത്ത ദിവസങ്ങളില്‍ അതിര്‍ത്തി പെട്രോള്‍ പമ്പുകളില്‍ തിരക്ക് കൂടിയത്.

അയല്‍ സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് ഇന്ധനവില ഉയര്‍ത്തിയത് എന്നാണ് കര്‍ണാടകയുടെ വിശദീകരണം. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കാന്‍ അതിര്‍ത്തി കടന്ന് കര്‍ണാടകയിലേക്ക് കടക്കുകയാണ്. ഇതുമൂലം അയല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. ഈ പരാതി ഉയര്‍ന്നതാണ് ഇന്ധനവില കൂട്ടാന്‍ കാരണമെന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Tax gap: Vehicles from Karnataka cross Goa border every evening to tank up