കുറ്റിപ്പുറം:കലോത്സവ പരിശീലനം നടത്തുന്ന പെൺകുട്ടികൾക്കിടയിൽ കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ വിദ്യാർഥി മർദിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ തെറ്റി. കുറ്റിപ്പുറം പേരശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
|
സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകൻ സജീഷി (34)നാണ് മർദ്ദനമേറ്റത്. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങിനടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിക്കുകയും ഇവരെ പ്രിൻസിപ്പലിന്റെ മുന്നിലെത്തിക്കുകയുമായിരുന്നു.
ഇതിൽ പ്രകോപിതനായ വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ചശേഷം പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ തെറ്റി. പരിക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകന്റെ പരാതിയിൽ പൊലീസ് വിദ്യാർഥിക്കെതിരേ കേസെടുത്തു.





