23
Jun 2026
Tue
23 Jun 2026 Tue
TELEGRAM BAN

ന്യൂഡല്‍ഹി: നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ ടെലിഗ്രാം (Telegram )സേവനങ്ങള്‍ രാജ്യത്ത് സാധാരണ നിലയിലായി തുടങ്ങി. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷന്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യാനായി ലഭ്യമായിട്ടുണ്ട്. ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ സന്ദേശങ്ങള്‍ സാധാരണ രീതിയില്‍ അയക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിലക്ക് നീക്കിയിട്ടും ചില ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ചാറ്റുകള്‍ കാണാനോ സന്ദേശങ്ങള്‍ അയക്കാനോ സാധിക്കാത്ത തരത്തില്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആപ്പ് ഒന്ന് റീഫ്രഷ് ചെയ്യുന്നതിലൂടെ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും.

ടെലിഗ്രാം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ എന്ത് ചെയ്യണം?

സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കാത്തവര്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി ടെലിഗ്രാമിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. അതിനുശേഷം ആപ്പ് പൂര്‍ണ്ണമായും ക്ലോസ് ചെയ്ത് വീണ്ടും തുറക്കുക.

ആന്‍ഡ്രോയിഡ് (Android) ഫോണുകളില്‍ ചെയ്യേണ്ടത്

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുറന്ന് ടെലിഗ്രാമിന് പുതിയ അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.
പുതിയ വേര്‍ഷന്‍ ലഭ്യമാണെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് ഫോണ്‍ ഫോണ്‍ സെറ്റിങ്‌സ് > ആപ്‌സ് > ടെലിഗ്രാം (Settings > Apps > Telegram) എന്ന ക്രമത്തില്‍ പോവുക.
അവിടെ കാണുന്ന ‘ഫോഴ്‌സ് സ്റ്റോപ്പ്’ (Force Stop) ഓപ്ഷന്‍ നല്‍കുക.
ഇതിനുശേഷം ടെലിഗ്രാം വീണ്ടും തുറന്ന് സെര്‍വറുമായി കണക്റ്റ് ആകാന്‍ ഏതാനും നിമിഷങ്ങള്‍ അനുവദിക്കുക.

ഐഫോണുകളില്‍ (iPhone) ചെയ്യേണ്ടത്

ആപ്പ് സ്റ്റോര്‍ തുറന്ന് ടെലിഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
ആപ്പ് സ്വിച്ചര്‍ (App Switcher) തുറന്ന് ടെലിഗ്രാം ആപ്പ് മുകളിലേക്ക് സൈ്വപ്പ് ചെയ്ത് പൂര്‍ണ്ണമായും ക്ലോസ് ചെയ്യുക.
ആപ്പ് വീണ്ടും തുറന്ന് കണക്റ്റ് ആകുന്നത് വരെ കാത്തിരിക്കുക.

ഈ പ്രക്രിയയിലൂടെ ആപ്പിന് ടെലിഗ്രാം സെര്‍വറുമായി ഒരു പുതിയ കണക്ഷന്‍ സ്ഥാപിക്കാന്‍ സാധിക്കുകയും തടസ്സങ്ങള്‍ മാറുകയും ചെയ്യും. കൂടാതെ നിലവില്‍ ടെലിഗ്രാമിന്റെ വെബ്സൈറ്റും ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ടെലിഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്?

നീറ്റ് യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പറുകളോ മറ്റ് സുപ്രധാന വിവരങ്ങളോ പ്ലാറ്റ്ഫോമിലൂടെ ചോരാന്‍ സാധ്യതയുണ്ടെന്ന അധികൃതരുടെ ആശങ്കയെത്തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ടെലിഗ്രാം ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

സാധാരണ മെസ്സേജിംഗ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും, മുന്‍പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ടെലിഗ്രാമിലെ ‘മെസ്സേജ് എഡിറ്റിംഗ്’ (Message-Editing) ഫീച്ചര്‍ ജൂണ്‍ 30 വരെ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Telegram ban lifted in India