09
Jun 2026
Thu
09 Jun 2026 Thu
fifa malayalam post

മലയാളി ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യമാണ് ‘ഫിഫ(FIFA)യുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ അഡ്മിന്‍ മലയാളിയാണോ?’ എന്നത്. ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഫിഫയുടെ ഔദ്യോഗിക പേജുകളില്‍ പ്രത്യക്ഷപ്പെട്ട മലയാളം പുകഴ്ത്തലുകളാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, മെസ്സി ആരാധകരെ ആവേശത്തിലാക്കിയ ഈ പോസ്റ്റുകള്‍ക്ക് പിന്നില്‍ കൃത്യമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണുള്ളതെന്ന് വ്യക്തമാവുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് എല്ലാവരും കാണുന്ന പോസ്റ്റല്ല!

ഫിഫയുടെ പേജുകളില്‍ നേരിട്ട് പോയി നോക്കിയാല്‍ ഈ മലയാളം പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ‘ഓര്‍ഗാനിക് ജിയോ-ടാര്‍ഗറ്റിംഗ്’, ‘ലാംഗ്വേജ് ഗേറ്റിംഗ്’ എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, കേരളത്തിലുള്ളവര്‍ക്ക് മാത്രം കാണാന്‍ പാകത്തിലാണ് ഈ പോസ്റ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത്, മലയാളി ആരാധകരെ മാത്രം ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള പോസ്റ്റാണിത്.

പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക ഏജന്‍സികള്‍

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഫിഫയുടെ പ്രധാന ഡിജിറ്റല്‍ വിഭാഗമല്ല ഈ പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫിഫയ്ക്ക് വേണ്ടി പണിയെടുക്കുന്ന പ്രാദേശിക ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികളുണ്ട്. പ്രാദേശിക ട്രെന്‍ഡുകള്‍ വിലയിരുത്തി ഇത്തരം ഏജന്‍സികളാണ് പ്രാദേശിക ഭാഷകളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഇന്ത്യന്‍ ഭാഷകളിലും ഫിഫ ഇത്തരത്തില്‍ ജിയോ-ടാര്‍ഗറ്റഡ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതത് പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബേസുള്ള താരങ്ങളെയാണ് ഫിഫ ഇത്തരത്തില്‍ വാഴ്ത്തിപ്പാടുക.

ഇന്ത്യയിലെ ഭീമമായ വിപണി സാധ്യത

ഫിഫ ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പിന്നില്‍ കൃത്യമായ കണക്കുകളുണ്ട്. ക്രിയേറ്റര്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ കോറസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഫിഫയുടെ ആകെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ 10.21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ വലിയൊരു പങ്ക് മലയാളികളാണ്. ഇക്കാര്യത്തില്‍ ബ്രസീല്‍ (16.09%) മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ വലിയ ഫോളോവര്‍ ബേസിനെ ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം നിര്‍മ്മിക്കുന്നത്.

അടുത്ത ഊഴം റൊണാള്‍ഡോയുടേത്?

ഇന്ത്യയില്‍ ലയണല്‍ മെസ്സിയേക്കാള്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്. റൊണാള്‍ഡോയെ 8 കോടി പേരും മെസ്സിയെ 5.6 കോടി പേരുമാണ് ഇന്ത്യയില്‍ നിന്ന് ഫോളോ ചെയ്യുന്നത്. രസകരമായ കാര്യം, പോര്‍ച്ചുഗലിലെയും അര്‍ജന്റീനയിലെയും ആകെ ജനസംഖ്യയേക്കാള്‍ കൂടുതലാണിത്.

വരും മത്സങ്ങളില്‍ കൂടി റൊണാള്‍ഡോ തിളങ്ങിയാല്‍ വീണ്ടുമൊരു മലയാളം പോസ്റ്റ് ഫിഫയുടെ പേജുകളില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയാണുള്ളത്. അഡ്മിന്‍ മലയാളിയായതുകൊണ്ടല്ല, മറിച്ച് മലയാളിയുടെ ഫുട്ബോള്‍ ആവേശത്തെ കൃത്യമായ ബിസിനസ്സ് സാധ്യതയായി കണ്ട് ഫിഫ നടത്തുന്ന ‘കണക്കിന്റെ കളി’ മാത്രമാണിത്. ഒരേ സമയം മെറ്റയ്ക്കും ഫിഫയ്ക്കും ലാഭം കിട്ടുന്ന കളി.

Is FIFA’s admin a Malayali? The marketing strategy behind the ‘Malayalam’ posts

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക