ക്ഷേത്രത്തില്‍ മോഷണം നടത്തിയ ശേഷം രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ കള്ളന്‍ ബൈക്ക് മറന്നുവച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ബൈക്ക് നാട്ടുകാര്‍ പോലീസിനു കൈമാറി. ബൈക്ക് മോഷണം പോയെന്ന വ്യാജ പരാതിയുമായി സ്റ്റേഷനിലെത്തിയ കള്ളനെ കൈയോടെ പിടികൂടി പോലീസ്.
|
ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശി പൂത്തറ അരുണാണ് ക്ഷേത്രമോഷണം നടത്തി പിടിയിലായത്. എടപ്പാള്‍ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ജനുവരി 5നാണ് ഇയാള്‍ കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. ഓട് പൊളിച്ച് അകത്തുകയറിയ അരുണ്‍ ഇവിടെ നിന്ന് 8000 രൂപ കവര്‍ന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.
ഇതിനിടെയാണ് ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിലൊരു ബൈക്ക് നാട്ടുകാര്‍ കണ്ടതും ഇതു പോലീസിനു കൈമാറിയതും. ഈ ബൈക്കിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചുവരുന്നതിനിടെ അരുണ്‍ സ്റ്റേഷനിലെത്തി തന്റെ ബൈക്ക് മോഷണം പോയെന്ന പരാതി നല്‍കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലിസ് ചോദ്യം ചെയ്യുകയും ക്ഷേത്രത്തില്‍ മോഷണം നടത്തിയതു താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





