മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന് തയ്യാറായ തനിമ വളണ്ടിയര്‍മാരുടെ പരിശീലന ക്യാംപ് മക്ക അസീസിയിലെ തനിമ സെന്ററില്‍ സംഘടിപ്പിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് നജ്മുദീന്‍ അമ്പലങ്ങാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പതിറ്റാണ്ടുകളായി തനിമ പ്രവര്‍ത്തകര്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് വേണ്ടി നിസ്വാര്‍ഥ വളണ്ടിയര്‍ സേവനം നടത്തിവരുന്നുണ്ടെന്നും ദൈവപ്രീതി മാത്രമായിരിക്കണം സേവന രംഗത്ത് നമ്മെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ തനിമ വളണ്ടിയര്‍ ജാക്കറ്റ് പ്രൊവിന്‍സ് പ്രസിഡന്റ് വളണ്ടിയര്‍ കണ്‍വീനര്‍ അബ്ദുല്‍ ഹക്കീം ആലപ്പിക്ക് നല്‍കി പ്രകാശനം ചെയ്തു .അറഫയിലെ ഹജ്ജ് സേവന അനുഭവങ്ങളും അതിന്റെ പ്രാധ്യാന്യവും തനിമ മക്ക സോണല്‍ പ്രസിഡന്റും ഹജ്ജ് വളണ്ടിയര്‍ കണ്‍വീനറുമായ അബ്ദുല്‍ ഹക്കീം ആലപ്പുഴ വളണ്ടിയര്‍മാരെ ഓര്‍മിപ്പിച്ചു.
|
ഹജ്ജ് സേവകരോട്’ എന്ന വിഷയത്തില്‍ സംസാരിച്ച മക്ക ഇസ്ലാമിക സമൂഹം കോ ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് വേങ്ങര ഹജ്ജ് സേവനത്തിന്റെ മാഹാത്മ്യം വളണ്ടിയര്‍മാരെ ഉണര്‍ത്തി. ഒരാള്‍ മറ്റൊരാളുടെ പ്രയാസം എളുപ്പമാക്കി കൊടുത്താല്‍ നാഥന്‍ അയാളുടെ പ്രയാസങ്ങളും എളുപ്പമാക്കുമെന്നും ദൈവ സന്നിധിയില്‍ ഉന്നത പ്രതിഫലം നല്‍കി അനുഗ്രഹിക്കുമെന്നും പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഓര്‍മപ്പെടുത്തി. ഈ വര്‍ഷത്തെ ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയും നിര്‍ദേശങ്ങളും തനിമ മക്ക ഹജ്ജ് വളണ്ടിയര്‍ വിങ് സഹ കണ്‍വീനര്‍ സഫീര്‍ അലി മഞ്ചേരി സദസ്സില്‍ അവതരിപ്പിച്ചു.
വനിതകളടക്കം നൂറോളം വളണ്ടിയര്‍മാരാണ് 2 ഷിഫ്റ്റുകളായി രംഗത്തിറക്കുക. ഹജ്ജിന്റെ ദിനങ്ങളില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വളണ്ടിയര്‍മാരും സേവനത്തിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഹാജി മക്കയിലെത്തുന്നതു മുതല്‍ അവസാന ഹാജി മക്ക വിടുന്നതുവരെയും നീണ്ടുനില്‍ക്കുന്നതാണ് തനിമയുടെ സേവന പ്രവര്‍ത്തനങ്ങള്‍. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പ് പോയന്റുകളിലും, ഹാജിമാര്‍ താമസിക്കുന്ന ബില്‍ഡിങ്ങുകള്‍ കേന്ദ്രീകരിച്ചും വളണ്ടിയര്‍ സേവനരംഗത്തുണ്ടാവും. രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീം രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പരിപൂര്‍ണമായ സഹകരണത്തോടെയായിരിക്കും ഈ വര്‍ഷവും തനിമ വളണ്ടിയര്‍ സേവനം. ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ താമസ്ഥലത്ത് എത്തിക്കുക, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലെന്‍ തുടങ്ങിയ സേവനങ്ങളും തനിമ വളണ്ടിയര്‍മാര്‍ നടത്തുന്നുണ്ട്.
തനിമ സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷാനിബ നജാത്ത് (വനിത കോഓഡിനേറ്റര്‍), ടി. കെ ഷമീല്‍ (പബ്ലിക് ആന്‍ഡ് ഒഫീഷ്യല്‍ റിലേഷന്‍) എന്നിവര്‍ സംസാരിച്ചു. മെഹബൂബ് ഖിറാഅത്ത് നടത്തി. ഷഫീഖ് പട്ടാമ്പി (സഹ കണ്‍വീനര്‍) സ്വാഗതവും അനീസുല്‍ ഇസ്ലാം (മക്ക സോണല്‍ സെക്രട്ടറി) നന്ദിയും പറഞ്ഞു



