ദുബൈ: ഇന്ന് ഉച്ചമുതല്‍ മഴ ശക്തമാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്. ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമേ കഴിഞ്ഞ ആഴ്ച്ച പ്രളയ ഭീതി നേരിട്ട യുഎഇയിലും ശക്തമായ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ( The rain is pouring; Gulf countries on high alert )
|
ഇന്ന് വൈകിട്ട് മുതല്‍ മറ്റന്നാള്‍ വരെ രാജ്യത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ചിരിക്കെ, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ നേരിടാനുള്ള രാജ്യത്തിന്റെ തയാറെടുപ്പ് യുഎഇ നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) വിലയിരുത്തി.
കഴിഞ്ഞയാഴ്ചയുണ്ടായ മഴക്കെടുതിയില്‍ നിന്ന് രാജ്യം പൂര്‍വസ്ഥിതിയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാല്‍, കാലാവസ്ഥാ സാഹചര്യങ്ങളുടെയും ദുരിതബാധിത പ്രദേശങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനത്തിന്റെയും സമഗ്രമായ വിലയിരുത്തലിന് ശേഷം നടപടികള്‍ സജീവമാക്കുമെന്ന് വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
ബഹ്‌റൈനിലും മഴ മുന്നറിയിപ്പ്

അറേബ്യന്‍ പെനിന്‍സുല മേഖലയില്‍ പുതിയ ന്യൂനമര്‍ദം മൂലം ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ബഹൈറൈന്‍ ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം. ബുധനും വ്യാഴവും മിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച പുലര്‍ച്ചെവരെ അസ്ഥിര കാലാവസ്ഥ തുടരും.
ഒമാനില്‍ മെയ് 4 വരെ മഴ സാധ്യത
വടക്കന്‍, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ മേയ് നാലുവരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അറിയിച്ചു. 20 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ വിവിധ ഇടങ്ങളില്‍ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകും.
പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ വ്യാഴാഴ്ചയായിരിക്കും ഏറ്റവും കൂടുതല്‍ മഴയുണ്ടാവുക. 30 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നത്. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, മസ്‌കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ, അല്‍ വുസ്ത, മുസന്ദം, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചേക്കും.

താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവരും വാദികള്‍ക്ക് സമീപം താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് പശ്ചാത്തലത്തില്‍ മുന്‍ കരുതലെടുക്കണമെന്ന് ഒമാനിലെ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മഴക്ക് മുമ്പ് ഐ.ടി ഉപകരണങ്ങള്‍ കവര്‍ ചെയ്ത് മഴ ബാധിക്കാത്ത ഇടങ്ങളിലേക്ക് മാറ്റണമെന്ന നിര്‍ദേശങ്ങളാണ് കമ്പനികള്‍ നല്‍കിയിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള ഗോഡൗണുകളില്‍നിന്ന് സ്റ്റോക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ മാറ്റണമെന്നും ചില കമ്പനികള്‍ നല്‍കിയ നിര്‍ദേശത്തിലുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഒലിച്ച് വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും വാഹനങ്ങള്‍ മാറ്റണം. വാദിക്ക് സമീപവും മറ്റും താമസിക്കുന്നവര്‍ ശക്തമായ മഴയാണെങ്കില്‍ ഉടന്‍ മാറണമെന്നും നിര്‍ദേശത്തിലുണ്ട്.
മഴയും കാറ്റുമുണ്ടാവുമ്പോള്‍ താമസ ഇടങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാണ്. കാറ്റില്‍ ബോര്‍ഡുകളും മറ്റും തകര്‍ന്ന് വീണ് അപകട സാധ്യത കൂടുതലാണ്.
ഒമാന്റെ എല്ലാ ഭാഗത്തും മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുന്നവര്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.
റിയാദില്‍ ക്ലാസുകള്‍ റദ്ദാക്കി

ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതലെന്ന സൗദി അറേബ്യയിലെ റിയാദില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടക്കും. റിയാദ് പ്രവിശ്യയിലുടനീളം ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
മക്കയില്‍ കനത്ത മഴയില്‍ പലയിടത്തും പ്രളയ സമാന സാഹചര്യം. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. ഇവിടെ പാലങ്ങളെ മറികടന്ന് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
വാദിഹുറക്ക് പുറമെ, വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. തായിഫിലും കനത്ത മഴ ലഭിച്ചു. ഇവിടെയും നിരവധി വാദികള്‍ മഴവെള്ളത്തില്‍ നിറഞ്ഞു.
ഖത്തറില്‍ നാളെ പെരുമഴ
ഇന്ന് ഉച്ചയോടെ ശക്തമാവുന്ന മഴ രാത്രിയോടെ പെരുമഴയായി മാറുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. ശക്തമായ കാറ്റും ഇടിമിന്നിലും പ്രതീക്ഷിക്കാം. ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





