|
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് തിരുവനന്തപുരത്ത് യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചു. യൂസര്‍ ഫീ 50 ശതമാനമാണ് കൂട്ടിയത്. ഇതോടെ ജൂലൈ ഒന്നുമുതല്‍ ആഭ്യന്തര വിമാനയാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നല്‍കേണ്ടിവരും. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടിയുടേതാണ് ഉത്തരവ്.
പതിവു വിമാന യാത്രക്കാരായ ഐ ടി പ്രഫഷണലുകള്‍ക്ക് ഉള്‍പ്പടെ വന്‍തിരിച്ചടിയാണ് നിരക്ക് വര്‍ധനവ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ഇപ്പോള്‍ യൂസര്‍ഫീസ് 506 രൂപയാണ്. ജൂലൈ ഒന്നു മുതല്‍ യൂസര്‍ ഫീസ് 770 രൂപയാകും. രാജ്യാന്തര യാത്രക്കാര്‍ 1,262 രൂപയായിരുന്ന യൂസര്‍ഫീസ് ജൂലൈ ഒന്നു മുതല്‍ 1,893 രൂപയുമാകും. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയാണിത്.
അതേസമയം മറ്റു വിമാനത്താവളങ്ങളിലൊന്നും നിരക്കു വര്‍ധനയില്ല. കൊച്ചിയില്‍ 319 രൂപയും ചെന്നൈയില്‍ 467 രൂപ, ഡല്‍ഹി 62 രൂപ എന്നിങ്ങനെയാണ് നിലവിലെ യൂസര്‍ഫീസ്. മുംബൈയില്‍ യൂസര്‍ഫീസ് ഇല്ല.
Thiruvananthapuram airport hikes user fee





