മിമിക്രി താരവും നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ടിനി ടോം തനിക്കെതിരേ ഇല്ലാത്ത അവിഹിതകഥകള്‍ പ്രചരിപ്പിച്ചും ജിഹാദിയെന്ന് വിളിച്ചാക്ഷേപിച്ചും നടക്കുകയാണെന്ന് നടി അന്‍സിബ ഹസന്‍. ടിനി ടോമിന്റെ ഈ പ്രവൃത്തി താങ്ങാനാവാത്തതു മൂലമാണ് താന്‍ അമ്മ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതെന്നും അന്‍സിബ വ്യക്തമാക്കി.
|
രാജി വയ്ക്കാനുള്ള സാഹചര്യം മാധ്യമങ്ങളോടു പങ്കുവയ്ക്കുമ്പോഴായിരുന്നു ടിനി ടോം തനിക്കെതിരേ നടത്തിയ അപവാദപ്രചാരണങ്ങളും മതത്തിന്റെ പേരില്‍ നടത്തിയ ആക്ഷേപങ്ങളും അന്‍സിബ വെളിപ്പെടു്ത്തിയത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയതെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.
‘എന്നെക്കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടേന്ന് വച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നുമെന്നും അന്‍സിബ പറയുന്നു.
ടിനി ടോം ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി നീന കുറുപ്പ് തന്നോട് പറഞ്ഞെന്ന് അന്‍സിബ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ ടിനി ടോമിനോട് ചോദിച്ചില്ലെന്നും അതിന് എങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു. ഇത്രയും നാളായി കാണുന്ന ഒരാള്‍ പലതും പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ വിഷമമുണ്ടെന്നും അന്‍സിബ പറഞ്ഞു.
‘കുടുംബ സംഗമം നടക്കുന്നതിന്റെ തലേന്ന് നീന കുറുപ്പ് ചേച്ചിയെ കൈയേറ്റം ചെയ്യാന്‍ ടിനി ടോം ശ്രമിച്ചു. ആ സമയത്ത് ഞാന്‍ അവിടെയുണ്ടായില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. ചെറിയ കാര്യങ്ങള്‍ക്ക്് ടിനി ടോം ബഹളമുണ്ടാക്കുകയും അനാവശ്യ വാക്കുകള്‍ പറയുകയും ചെയ്യുന്നു’, അന്‍സിബ ഹസന്‍ പറഞ്ഞു. നീന കുറുപ്പ് അമ്മ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ടോം വിളിച്ച അസഭ്യ വാക്കുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയതെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയ്ക്ക് ചീത്തപ്പേരാകുമെന്നും കരിയറിനെ ബാധിക്കുമെന്നും കരുതിയാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നത്. എന്നാല്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പോകുമ്പോള്‍ ആളുകള്‍ ഇക്കാര്യങ്ങള്‍ ചോദിക്കുന്നുവെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. ഈ ആരോപണങ്ങള്‍ കേട്ടതിന്റെ ട്രോമയുണ്ടായിരുന്നു. മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടാണ് ഫെബ്രുവരി 21ന് രാജി വെച്ചത്. ജോലി തിരക്ക് കാരണം രാജിവയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ എഴുതിയത്. രാജി വയ്ക്കുന്നതിന് മുമ്പ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
‘നേരത്തെ തന്നെ അദ്ദേഹം സംസാരിക്കുന്നത് മോശമാണെന്ന് ശ്വേതാ മേനോനോട് പറഞ്ഞിരുന്നു. പരാതിയായി പ്രസിഡന്റിന് മുന്നില്‍ പോയിരുന്നില്ല. സെക്രട്ടറിയോട് പറഞ്ഞപ്പോള്‍ പരാതി നല്‍കാന്‍ പറഞ്ഞു. ടിനി ടോം തന്നെ മതതീവ്രവാദിയാക്കിയെന്നും ജിഹാദി എന്ന് വിളിച്ചെന്നും സെക്രട്ടറിയോട് പറഞ്ഞതായി അന്‍സിബ കൂട്ടിച്ചേര്‍ത്തു. ഇത് കേട്ട് അമ്മയില്‍ തുടരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പരാതിയില്‍ ഉള്‍പ്പെടുത്താന്‍ സെക്രട്ടറി പറഞ്ഞു. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പറഞ്ഞതിനും ടിനി ടോമും ഗ്യാങും തനിക്കെതിരേ പ്രവര്‍ത്തിക്കുമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ മറ്റൊരു എക്സിക്യൂട്ടീവ് അംഗം പോലീസില്‍ വ്യാജ പരാതി നല്‍കിയെന്നും അന്‍സിബ പറഞ്ഞു.
അമ്മ കുടുംബ സംഗമത്തിന് ഒരു ക്ഷേത്രം ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച വന്നു. എന്നാല്‍ സംഭാവനയായി വാങ്ങിയാല്‍ മതി ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വയ്ക്കുന്നത് ശരിയല്ലെന്ന അഭിപ്രായം താന്‍ അവിടെ പങ്കുവച്ചിരുന്നു. ‘ഒരു മതസ്ഥാപനങ്ങളും ഇതുവരെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ചെയ്തിട്ടില്ല, അത് പാടില്ലെന്ന് ഞാന്‍ പറഞ്ഞു. ഇന്നൊരു മതസ്ഥാപനം കയറിയാല്‍ നാളെ മറ്റൊരു മതസ്ഥാപനം വരും. അത് വേണ്ടെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അത് മുതല്‍ എന്നെ വര്‍ഗീയവാദിയാക്കി. അന്ന് മുതല്‍ എന്നോട് നല്ല ദേഷ്യം കാണിക്കുകയാണെന്നും അന്‍സിബ പറയുന്നു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ക്ഷേത്രം ടൈറ്റില്‍ സ്‌പോണ്‍സര്‍ ആവുന്നതിനെ അനുകൂലിച്ചിരുന്നുവെന്നും താന്‍ തന്റെ അഭിപ്രായം പറയുക മാത്രമാണ് ഉണ്ടായതെന്നും അന്‍സിബ പറഞ്ഞു.
ALSO READ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പേരെ പ്രതികളാക്കി കുറ്റപത്രം


