23
Dec 2024
Wed
23 Dec 2024 Wed

ഗുരുവായൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഏകാദശി ദിനമായ ഇന്ന് ഭക്ത ജനലക്ഷങ്ങള്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തും. ഭക്തര്‍ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദര്‍ശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലര്‍ച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കല്‍ ചടങ്ങ്. പൂജകള്‍ക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്. അര്‍ജുനന് ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാല്‍ ഏകാദശി ദിവസം ഗീതാ ദിനമായി ആഘോഷിക്കുന്നു. ദേവഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ പ്രതിഷ്ഠ നടത്തിയത് ഏകാദശി ദിനത്തിലാണെന്നാണ് ഹൈന്ദവവിശ്വാസം. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചതും ഈ ദിനത്തിലാണെന്നാണ് സങ്കല്‍പ്പം.

ഹൈക്കോടതിയുടെ നിയന്ത്രണം നിലവിലുള്ളതിനാല്‍ ഇത്തവണ രാവിലെ ആറരയ്ക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടാകും.

ചാവക്കാട്ട് ഇന്ന് പ്രാദേശിക അവധി

ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു

Today is Guruvayur Ekadashi, Devotees immersed in fasting