ഇന്ന് കേരളപ്പിറവി: ‘ദൈവത്തിന്റെ സ്വന്തം നാട്’ രൂപീകൃതമായ വര്‍ഷം; ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കം
|
തിരുവനന്തപുരം: ഇന്ന് കേരളപിറവി ദിനമാണ്, ഐക്യ കേരളം രൂപം കൊണ്ടിട്ട് 67 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് കേരളം. ഭാഷാശൈലിയും സംസ്‌കാരവും രുചിയുമെല്ലാം പലയിടത്തും വ്യത്യസ്തമാണ്. ഈ വ്യത്യസ്തകള്‍ക്കിടയിലെ കൂടിച്ചേരലിന്റെ അഴക് കൂടിയാണ് കേരളം. നാനാമതസ്ഥര്‍ സൗഹൃദത്തോടെ സ്‌നേഹത്തോടെ കഴിയുന്ന കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ ഓര്‍മ പുതുക്കല്‍ ദിനമാണിന്ന്.
ഇന്ത്യ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നിരുന്നു. അന്ന് വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഭരണ സംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളും, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളും തുടങ്ങി മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് വെറും 5 ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
കേരളപ്പിറവി സംസ്ഥാന സര്‍ക്കാര്‍ കേരളീയം എന്ന പേരില്‍ ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഇന്നു മുതല്‍ നവംബര്‍ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുള്‍പ്പെടെ പങ്കെടുക്കും.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





