30
Jun 2023
Mon
30 Jun 2023 Mon

ദുബയ്: രാജ്യത്തിന് പുറത്തു പോവാതെ തന്നെ ടൂറിസ്റ്റ് വിസകള്‍ പുതുക്കാന്‍ യുഎഇ അനുമതി നല്‍കി. ഫീസ് അടച്ച് ഒരു മാസത്തേക്ക് വിസ ദീര്‍ഘിപ്പിക്കാം. അബുദബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളുടെ ടൂറിസ്റ്റ് വിസയാണെങ്കില്‍ smartservices.icp.gov.ae എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി വിസ പുതുക്കാനാവും. ആറ് മാസം വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ഇത്തരത്തില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വിസകള്‍ പുതുക്കാനാവും. ഒരാള്‍ക്ക് ഒരു മാസത്തേക്ക് രണ്ട് തവണ വിസ പുതുക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐസിപി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി 48 മണിക്കുറിനകം വിസ മാറ്റിയെടുക്കാനാവും. അപേക്ഷ ഫീസ്-100 ദിര്‍ഹം, വിസ ഫീസ് 500 ദിര്‍ഹം, ഇ-സെര്‍വീസ് ഫീസ് 10 ദിര്‍ഹം അടക്കം ഒരു മാസത്തേക്ക് വിസ പുതുക്കാന്‍ 600 ദിര്‍ഹം അടക്കണം. ഇനി ദുബയ് ടൂറിസ്റ്റ് വിസയാണെങ്കില്‍ അംഗീകൃത ടൂറിസം ട്രാവല്‍ ഓഫിസുകള്‍ വഴി വിസ പുതുക്കാം. ഏതുതരം വിസയാണെന്ന് വിലയിരുത്തിയാവും ദുബയില്‍ വിസക്കുള്ള ഫീസ് ഈടാക്കുക. gdrfa.gov.ae. എന്ന വെബ്‌സൈറ്റിലൂടെയാണ് ദുബയ് വിസ പുതുക്കേണ്ടത്.

ഇതുവരെ ടൂറിസ്റ്റ് വിസകള്‍ രാജ്യത്തിന് പുറത്തുപോവാതെ പുതുക്കാന്‍ അനുമതിയില്ലായിരുന്നു. വിസിറ്റ് വിസക്കാര്‍ ഒമാന്‍ അതിര്‍ത്തി കടന്ന് വിസ പുതുക്കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ അതിര്‍ത്തി കടന്നുള്ള യാത്ര ഒഴിവാക്കി വിസ പുതുക്കാനാവും.