തൃശ്ശൂര്‍: തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നടന്‍ ടൊവിനോ തോമസ്. ഇതേ തുടര്‍ന്ന് ടൊവിനോക്കൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. Tovino thomas asked to Sunil kumar not to use his photo for election campaign
|
തന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ടൊവിനോ സോഷ്യല്‍ മീഡിയയിലൂട അറിയിച്ചിരുന്നു. ”കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് ഞാന്‍. ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകളെന്നും ടൊവിനോയുടെ പോസ്റ്റില്‍ പറയുന്നു.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമാണ് സുനില്‍കുമാര്‍ ഫോട്ടോ പങ്കുവച്ചത്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു.
അതേസമയം, സുനില്‍കുമാര്‍ പോസ്റ്റ് നീക്കം ചെയ്തെങ്കിലും ഇടത് പ്രൊഫൈലുകള്‍ ഈ ചിത്രത്തിന് വന്‍ പ്രചാരണം നല്‍കുന്നുണ്ട്.


